
റാന്നി : അപ്രോച്ച് റോഡിനായുള്ള സ്ഥലമെടുപ്പ് വൈകുന്നത് പാലം പണി വൈകിപ്പിക്കുന്നു.സംസ്ഥാന പാതക്ക് സമാന്തരമായി നിർമ്മിക്കുന്ന പാലത്തിന്റെയും അപ്പ്രോച്ച് റോഡിന്റെയും നിർമ്മാണമാണ് വകുപ്പുകളുടെ നടക്കുരുക്കിൽപ്പെട്ടു വൈകുന്നത്. എന്നാൽ പുതിയപാലം നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള ഇലവൺ വൺ നോട്ടിഫിക്കേഷൻ പുറത്തിറങ്ങിയതായി അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു. റാന്നി വില്ലേജിൽ 132 അങ്ങാടിയിൽ 20 വസ്തു ഉടമകളിൽ നിന്നാണ് സ്ഥലം ഏറ്റെടുക്കേണ്ടത്. പുനലൂർ-മൂവാറ്റുപുഴ സംസ്ഥാനപാതയ്ക്ക് സമാന്തരമായി പമ്പാനദിക്ക് കുറുകെ പെരുമ്പുഴ ഉപാസന കടവുകളെ ബന്ധിപ്പിച്ചാണ് പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചത്. 26കോടി രൂപയായിരുന്നു പാലം നിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്. എന്നാൽ ഇരുകരകളിലുമുള്ള അപ്രോച്ച് റോഡിനായി സ്ഥലം ഏറ്റെടുക്കൽ വൈകിയതോടെ പാലം നിർമ്മാണം ഇടയ്ക്കു മുടങ്ങി പോകുകയായിരുന്നു.സ്ഥലം ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമ്മിച്ചു വേണം പാലത്തിന്റെ ബാക്കി നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ. അങ്ങാടി കരയിൽ തിരുവല്ല റാന്നി റോഡിൽ നിന്നും ഉപാസന കടവിലേക്കുള്ള പാത വീതി വർദ്ധിപ്പിച്ചാണ് അപ്രോച്ച് റോഡ് ഉയർത്തുന്നത്.രാമപുരം - ബ്ലോക്ക് പടി ബൈപാസ് റോഡ് വീതി വർദ്ധിപ്പിച്ചാണ് പെരുമ്പുഴ ഭാഗത്ത് അപ്രാച്ച് റോഡ് നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് ഒരു കിലോമീറ്ററിലധികം വരും.നിലവിലുള്ള മാർക്കറ്റ് വിലയിലാണ് സ്ഥലങ്ങൾ ഏറ്റെടുക്കുക. റോഡിന് ഉള്ള സ്ഥലം അളന്ന് നേരത്തെ കല്ലിട്ടിട്ടുണ്ട്. ഏറ്റെടുക്കൽ നടപടികളാണ് ഇനി പൂർത്തിയാക്കാനുള്ളത്.
- പാലം പണിക്ക് 26 കോടി