 
തിരുവല്ല: കുറ്റൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സങ്കിർണമായിരിക്കുന്ന മാലിന്യപ്രശ്നം അടിയന്തരമായി പരിഹരിക്കാൻ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി സംഘടനയായ യൂസി (യൂണിവേഴ്സൽ സർവീസ് എൻവയോൺമെന്റൽ അസോസിയേഷൻ) കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റിനും സെക്രട്ടറിക്കും നിവേദനം നൽകി. കുറ്റൂരിലെ വിവിധ വാർഡുകളിൽ സ്ഥാപിച്ചിട്ടുള്ള മിനി കളക്ഷൻ സെന്ററുകളിലെ മാലിന്യങ്ങൾ നീക്കിയിട്ട് മാസങ്ങളായതിനാൽ പരിസരത്താകെ കുമിഞ്ഞുകൂടി കിടക്കുകയാണ്. വഴിയരുകിലെ ഇത്തരം കേന്ദ്രങ്ങളിൽ ദുർഗന്ധം രൂക്ഷമാകുകയും തെരുവ് നായ്ക്കളുടെ ശല്യവും ആക്രമണങ്ങളും വർദ്ധിക്കുന്നു. ജനങ്ങളെ ദുരിതത്തിലാക്കിയ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.യൂസി സംസ്‌ഥാന വൈസ് പ്രസിഡന്റ് വി.ആർ.രാജേഷ്, ജില്ലാ പ്രസിഡന്റ് വി.ജി.വിശ്വനാഥൻ,സംസ്‌ഥാന കൗൺസിൽ അംഗം മനോജ് മാത്യു,നിയോജകമണ്ഡലം ഭാരവാഹികളായ സോബിൻ തോമസ്, തോമസ് കുറ്റിയിൽ എന്നിവർ പങ്കെടുത്തു.