 
ചെങ്ങന്നൂർ: ദീപാലംക്രിതമായ സന്ധ്യയിൽ ജറുസലേമിലെ കാലിത്തൊഴുത്തും ക്രിസ്തുവിന്റെ ജനനവും പുനർസൃഷ്ടിച്ച് പ്രൊവിഡൻസ് എൻജിനീയറിംഗ് കോളേജ് ക്രിസ്മസ് ആഘോഷങ്ങൾ വേറിട്ടതാക്കി.ബൈബിളിൽ പ്രതിപാദിച്ചിട്ടുള്ള സംഭവങ്ങളെ കോർത്തിണക്കി വിദ്യാർത്ഥികൾ ഒരുക്കിയ നേറ്റിവിറ്റി സീനുകളാണ് പരിപാടിയുടെ മുഖ്യ ആകർഷണം. പ്രകൃതി വിഭവങ്ങൾ കൊണ്ട് നിർമ്മിച്ചിരിക്കുന്ന സീനുകളിൽ മൃഗങ്ങളും കഥാപാത്രങ്ങൾ ആകുന്നു. ഇതിനായി എത്തിച്ച 'റോക്കി ' എന്ന ഒട്ടകം കൗതുകമുണർത്തി. മദ്ധ്യ തിരുവിതാംകൂറിലെ നിരവധി കൊയർ സംഘങ്ങൾ പങ്കെടുക്കുന്ന കരോളാണ് മറ്റൊരു മത്സര ഇനം. കരോൾ ഗാന മത്സര വിജയികൾക്ക് 50,000 രൂപ സമ്മാനം. ഇന്നലെ വൈകിട്ട് 4 മുതലാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കമായത്. പരിപാടി കാണുവാൻ പൊതുജനങ്ങൾക്കും പ്രവേശനം ഉണ്ട്. കൊവിഡിന് ശേഷം സകുടുംബം ഒരു സായാഹ്നം ചിലവഴിക്കാൻ കഴിയുന്ന തരത്തിലാണ് പരിപാടി സജ്ജീകരിച്ചിരിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് കേക്ക് ബേക്കിംഗ് മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. 4 മണിക്കൂർ കൊണ്ട് ക്രിസ്മസ് തീം വരുന്ന തരത്തിലുള്ള കേക്കുകളാണ് ഒരുക്കേണ്ടത്. മത്സരവിജയിക്ക് 10,000 രൂപയാണ് സമ്മാനത്തുക. കോളേജ് പ്രിൻസിപ്പൽ സന്തോഷ് സൈമൺ, പ്രൊഫ.അലക്‌സ് മാത്യു, പ്ലെയ്‌സ്‌മെന്റ് ഓഫീസർ വിഷ്ണുരാജൻ എന്നിവരാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.