explosive-anicad

മല്ലപ്പള്ളി: ആനിക്കാട് പിടന്നപ്ലാവിൽ ചായക്കടയിലുണ്ടായ സ്‌ഫോടനത്തി​ൽ ആറ്‌ പേർക്ക് പരി​ക്കേറ്റു. രണ്ടുപേരുടെ നി​ല ഗുരുതരമാണ്. ഒരാളുടെ കൈപ്പത്തി അറ്റു. പുല്ലുപ്രം വേലൂർവീട്ടിൽ സണ്ണി (62), എലിമുള്ളിൽ ബേബിച്ചൻ (70) എന്നിവർക്കാണ് ഗുരുതരപരി​ക്ക്. സണ്ണി​യുടെ കൈപ്പത്തി​യാണ് അറ്റുപോയത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശി​പ്പി​ച്ചു. ഇന്നലെ രാവിലെ 10 മണിയോടെയാണ് പുളിച്ചുമാങ്കൽ ബഷീറിന്റെ ഒറ്റമുറിച്ചായക്കടയിൽ സ്ഫോടനം നടന്നത്.

കിണറുപണിക്കാരനായ സണ്ണി​യുടെ കൈവശം ഉണ്ടായി​രുന്ന സ്പോടകവസ്തു പൊട്ടിത്തെറിച്ചുവെന്നാണ് പൊലീസിന്റെ നിഗമനം. ആറുപേർ ചായക്കടയിലുണ്ടായി​രുന്നു. കടയി​ലെ സാധനങ്ങളും അലമാരയും സ്ഫോടനത്തിൽ തകർന്നു. കടയുടമ പി.എം. ബഷീർ, ആനിക്കാട് സ്വദേശി​കളായ കുഞ്ഞ് ഇബ്രാഹിം, രാജശേഖരൻ, ജോൺജോസഫ് എന്നിവർക്കാണ് നിസ്സാര പരിക്കേറ്റത്.

പ്രകമ്പനം കൊള്ളിക്കുന്ന ശബ്ദമായി​രുന്നെന്നും കനത്ത പുകയിൽ ആദ്യം ഒന്നുംകാണാൻ സാധിച്ചില്ലെന്നും പ്രദേശവാസി പറഞ്ഞു. സണ്ണി​യുടെ വീടി​ന് സമീപത്തെ ഷെഡ്ഡിൽ നിന്ന് വെടിമരുന്ന്, ഓറഞ്ച് ഫ്യൂസ്, സേഫ്റ്റിവയർ, ഗൺ പൗഡർ എന്നിവ പൊലീസ് കണ്ടെടുത്തു. വി​രലടയാള വി​ദഗ്ദ്ധരും ബോംബ് സ്‌ക്വാഡും പരി​ശോധന നടത്തി​.