പത്തനംതിട്ട: പുതിയ ബസ് സ്റ്റാൻഡ് കോംപ്ലക്സ് യാഡ് നിർമ്മാണവുമായി ബന്ധപ്പെട്ട സാങ്കേതിക ഉപദേശം നൽകാൻ നഗരസഭാ കൗൺസിൽ തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിനെ ചുമതലപ്പെടുത്തി. സി.ഇ.ടി യുടെ സെന്റർ ഫോർ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് കൺസൾട്ടൻസി ആൻഡ് സ്പോൺസേർഡ് റിസർച്ച് വിംഗാണ് പഠനം നടത്തുക. കോളജ് ഒഫ് എൻജിനീയറിംഗിലെ ജിയോ ടെക്നിക്കൽ കൺസൾട്ടന്റായ ഡോ. എൻ.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘമാണ് പഠനത്തിൽ പങ്കെടുക്കുന്നത്. നിലംനികത്തിയാണ് ബസ് സ്റ്റാൻഡ് നിർമ്മിച്ചത്. നിർമ്മാണ സമയത്ത് ശരിയായ നിലയിൽ തറ ഉറപ്പിക്കാൻ കഴിയാത്തതിനെ തുടർന്ന് ബസ് സ്റ്റാൻഡ് തുടർച്ചയായി താഴ്ന്നുകൊണ്ടിരിക്കുന്നു. മാറിമാറിവന്ന കൗൺസിലുകൾ വലിയ തുക ചെലവഴിച്ച് യാഡ് നിർമ്മാണത്തിനായി ശ്രമങ്ങൾ നടത്തിയെങ്കിലും ഫലം കണ്ടില്ല. ബസ് സ്റ്റാൻഡ് നിർമ്മാണത്തിനായി ധനകാര്യ സ്ഥാപനമായ കെ.യു.ആർ.ഡി.എഫ്.സി യിൽ നിന്ന് നഗരസഭ എടുത്ത വായ്പയിൽ ഒന്നരക്കോടി രൂപ കൂടി ഇനിയും അടയ്ക്കാനുണ്ട്. ബസ് സ്റ്റാൻഡിലെ യാഡുകളുകളുടെ നിർമ്മാണത്തിനും കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിൾക്കുമായി ഏകദേശം അഞ്ചു കോടി രൂപ ആവശ്യമായി വരുമെന്നാണ് കൗൺസിലിന്റെ വിലയിരുത്തൽ. തുക ഏതെങ്കിലും ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പയെടുക്കാൻ കൗൺസിൽ തീരുമാനമെടുത്തിട്ടുണ്ട്. വായ്പ എടുക്കുന്നതിന് സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. ഇതിന് മുന്നോടിയായാണ് മണ്ണ് പരിശോധന അടക്കമുള്ള സാങ്കേതിക പഠനങ്ങൾ നടത്താൻ കോളേജ് ഓഫ് എൻജിനിയറിംഗിനെ ചുമതലപ്പെടുത്തിയിട്ടുള്ളത്. വിദഗ്ദ്ധ സംഘത്തിന്റെ പരിശോധന ഉടൻതന്നെ ബസ് സ്റ്റാൻഡ് യാഡിൽ നടത്തുമെന്ന് നഗരസഭ ചെയർമാൻ അഡ്വ. ടി.സക്കീർ ഹുസൈൻ പറഞ്ഞു.