 
തെങ്ങമം: ആനയടി - കൂടൽ റോഡ് ആലുംമൂട്ടിൽ നിന്ന് പഴകുളം പാസ് റോഡിലേക്ക് ബൈപാസ് വേണമെന്ന ആവശ്യം ശക്തമാകുന്നു. പഴകുളം ജംഗ്ഷനിൽ റോഡിന് വീതി വളരെ കുറവാണ്.കെ.പി. റോഡുമായി ബന്ധിപ്പിക്കുന്ന ഇവിടെ ഗതാഗതക്കുരുക്ക് വളരെയധികം കൂടാനാണ് സാദ്ധ്യത. ആലുംമൂട്ടിൽ നിന്ന് പുന്തല വീട്ടിൽ ക്ഷേത്രം വഴി പഴകുളം പാസ് ജംഗ്ഷനിലെത്തി കെ.പി.റോഡുമായി സംഗമിക്കുന്ന നിലവിലുള്ള റോഡ് വികസിപ്പിച്ച് ബൈപാസ് ആക്കിയാൽ തെങ്ങമം,ആനയടി ഭാഗത്തു നിന്ന് അടൂരേക്കുവരുന്ന വാഹനങ്ങൾ പഴകുളം ജംഗ്ഷനിൽ കയറാതെ ബൈപാസ് റോഡു വഴി കെ.പി.റോഡിലെത്തി അടൂരേക്ക് പോകാൻ കഴിയും. വളരെ പ്രയോജനകരമായതും പ്രായോഗികമായതുമായ നിർദ്ദേശമാണിത്.നിലവിൽ കിഫ്ബി പദ്ധതി പ്രകാരം നിർമ്മാണം നടക്കുന്ന റോഡിൽ ഇടറോഡുകൾക്കും ഫണ്ട് അനുവദിക്കുവാൻ വ്യവസ്ഥയുണ്ട്.എന്നാൽ ഈ ബൈപാസ് റോഡിനെക്കുറിച്ച് ഒരു ചർച്ചയും നടക്കാത്ത സാഹചര്യത്തിലാണ് ഇത്തരം നിർദ്ദേശം ഉയർന്നു വന്നത്. മൂന്ന് വർഷമായി നിർമ്മാണം നടക്കുന്ന റോഡിൽ യാത്രാ ദുരിതം കൂടുകയാണ്.ടാറിംഗിന് മുന്നോടിയായി പൈപ്പിടുന്ന ജോലികൾ നടക്കുന്നുണ്ട്.
.........................
പഴകുളത്തുണ്ടാകാൻ സാദ്ധ്യതയുള്ള ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരവും, പുന്തല വീട്ടിൽ ദേവീ ക്ഷേത്രത്തിന്റെ വികസനത്തിനും ആലുംമൂട്ടിൽ നിന്ന് ബൈപാസ് വന്നാൽ ഉപകാരപ്രദമാണ്. ഡെപ്യൂട്ടി സ്പീക്കറും കിഫ്ബി അധികൃതരും വേണ്ട നടപടികൾ സ്വീകരിക്കണം
ഡോ.പഴകുളം സുഭാഷ്.