ചെങ്ങന്നൂർ: 2018 മുതൽ 20വരെ വർഷങ്ങളിൽ കോളേജ് തലത്തിൽ ഏറ്റവും മികച്ച പരിസ്ഥിതി സംരക്ഷണ പ്രവർത്തനം കാഴ്ചവച്ച ഭൂമിത്രസേന ക്ലബിനുള്ള സംസ്ഥാന പുരസ്‌കാരം ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലെ ഭൂമിത്രസേന ക്ലബിന് ലഭിച്ചു.സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന ഈ പുരസ്‌കാരത്തിന്റെ ഭാഗമായി 2500രൂപയും പ്രശസ്തി പത്രവും ക്ലബിന് ലഭിക്കും. 2013-14 വർഷത്തെ സംസ്ഥാന അവാർഡും ക്ലബിന് മുൻപ് ലഭിച്ചിട്ടുണ്ട്. തോട്ടപ്പള്ളി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്രീൻ റൂട്ട്‌സ് എന്ന പരിസ്ഥിതി സംഘടനയുടെ സഹായത്തോടെ നടത്തിയ കടലാമ സംരക്ഷണ പ്രവർത്തനങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങൾ ഇല്ലാതാക്കാൻ നടത്തിയ അവബോധ പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രശ്‌നങ്ങൾ പ്രമേയമാക്കി തയാറാക്കിയ ഹ്രസ്വചിത്രങ്ങൾ, പ്രളയത്തിന് ശേഷം വരട്ടാർ തീരത്തെ ഉറുമ്പുകളുടെ വൈവിദ്ധ്യത്തിൽ ഉണ്ടായ വ്യത്യാസത്തെക്കുറിച്ചുള്ള പഠനം, പാരമ്പരാഗത പരിസ്ഥിതി വിജ്ഞാനം സംബന്ധിച്ച പഠന പ്രവർത്തനങ്ങൾ, പ്രകൃതി പഠന യാത്രകൾ എന്നിവയാണ് ക്ലബിന് പുരസ്‌കാരം നേടിക്കൊടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഘടകങ്ങൾ. സുവോളജി വകുപ്പിലെ അദ്ധ്യാപകനായ ഡോ.ആർ.അഭിലാഷാണ് ക്ലബിന്റെ കൺവീനറായി പ്രവർത്തിക്കുന്നത്. വനം വന്യജീവി വകുപ്പ്, ഡബ്ല്യൂ. ഡബ്ല്യൂ. എഫ്, ബേർഡ്‌സ് ക്ലബ് ഇന്റർനാഷണൽ എന്നിവയുമായി ചേർന്ന് സുസ്ഥിര വികസനം ലക്ഷ്യമാക്കി നിരവധി പദ്ധതികൾ പൂർത്തീകരിക്കാൻ ക്ലബിന് കഴിഞ്ഞതായി പ്രിൻസിപ്പൽ ഡോ.ജോൺസൺ ബേബി പറഞ്ഞു. ആവാസവ്യവസ്ഥാ പുനസ്ഥാപന പ്രവർത്തനങ്ങളാണ് വരുന്ന മൂന്ന് വർഷക്കാലം ക്ലബ് ശ്രദ്ധ കേന്ദ്രീകരിക്കാൻ പോകുന്ന മേഖല എന്നും ഡോ. ആർ.അഭിലാഷ് കൂട്ടിച്ചേർത്തു.