1
അനധികൃതമായി പ്രവർത്തിക്കുന്ന പന്നിഫാം

തെങ്ങമം: : ഇളംപള്ളിൽ - പുന്നക്കോട് കിഴക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന പന്നിഫാമിൽ നിന്നുള്ള ദുർഗന്ധം പരിസരവാസികൾക്ക് ബുദ്ധിമുട്ടാകുന്നതായി പരാതി. അടൂർ സ്വദേശിയുടേതായ സ്ഥലം ഓച്ചിറ സ്വദേശിയായ വ്യക്തി വാടകക്കെടുത്താണ് പന്നിഫാം നടത്തുന്നത്. പഞ്ചായത്തുമായി ബന്ധപെട്ട് യാതൊരുവിധ ലൈസൻസുകളും എടുത്തിട്ടില്ല. മാലിന്യനിർമ്മാർജന സംവിധാനവും ഇല്ല. ഇടിഞ്ഞുവീണ പഴയ കെട്ടിടത്തിനുള്ളിൽ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പന്നികളെ വളർത്തുന്നത്. ദുർഗന്ധം കാരണം പരിസരവാസികൾക്ക് ഭക്ഷണം കഴിക്കുന്നതിനു പോലും കഴിയുന്നില്ല. ഹോട്ടലുകളിൽ നിന്നും ഭക്ഷണമാലിന്യം നീക്കം ചെയ്യുന്നത് ടെണ്ടർ എടുത്ത വ്യക്തിയാണ് ഫാം നടത്തുന്നത്. മാലിന്യം കൊണ്ടുവന്ന് തള്ളുന്നതിനാൽ പട്ടിശല്യം രൂക്ഷമാണ്. ഇതു ചൂണ്ടികാട്ടി പ്രദേശവാസികൾ പഞ്ചായത്തധികൃതർക്ക് പരാതി നൽകി. ഫാം നടത്തുന്നതിനുള്ള ലൈസൻസില്ലാതിരുന്നിട്ടു കൂടി അധികൃതരുടെ ഒത്താശയിലാണ് ഫാം പ്രവർത്തിക്കുന്നതെന്ന ആരോപണമുണ്ട്. പന്നിഫാമിനെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും നിലവിൽ ലൈസൻസില്ലെന്നും, നിയമാനുസൃതം പ്രവർത്തിക്കുന്നതിനാവശ്യമായ ലൈസൻസ് നേടണമെന്നും അല്ലാത്ത പക്ഷം ഫാം അടച്ചുപൂട്ടാൻ നിർദ്ദേശം നൽകിയെന്നും പള്ളിക്കൽ പഞ്ചായത്ത് സെക്രട്ടറി എസ് സജീഷ് പറഞ്ഞു.