
പത്തനംതിട്ട : സൗന്ദര്യമത്സരമോ അഭിനയമോ ഒരുതൊഴിലായി കാണുന്നില്ലെന്ന് മിസിസ് ഗ്രാൻഡ് യൂണിവേഴ്‌സ് 2021 ആയി തെരഞ്ഞെടുത്ത ഡോ.ശശിലേഖ പറഞ്ഞു. പത്തനംതിട്ട പ്രസ്‌ക്ലബിൽ മീറ്റ് ദി പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അവർ. പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് എസ്. ഗീതാഞ്ജലി അദ്ധ്യക്ഷത വഹിച്ചു.
വിവാഹ ജീവിതത്തിനിടെ സൗന്ദര്യമത്സരത്തിലേക്ക് ശ്രദ്ധവച്ച വ്യക്തിത്വമാണ് ഡോ. ശശിലേഖ നായരുടേത്. ഐ.ടി സംരംഭക കൂടിയായ ശശിലേഖ പത്തനംതിട്ട ചെറുകോൽ കാട്ടൂർ സ്വദേശിനിയാണ്. ഫിലിപ്പീൻസിലെ മനിലയിൽ ഇത്തവണ വെർച്വൽ പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു മത്സരം.
മിസിസ് ഇന്ത്യ കേരള, മിസിസ് ഇന്ത്യ, ഏഷ്യ ഇന്റർനാഷണൽ മോസ് ചാമിംഗ് 2018 പുരസ്‌കാരങ്ങൾ നേരത്തെ ലഭിച്ചിരുന്നു. മിസിസ് ക്ലാസിക് ഗ്രാൻഡ് യൂണിവേഴ്‌സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് മിസിസ് ഗ്രാൻഡ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാൻ അർഹതനേടിയത്.
ചെറുപ്പത്തിൽ തന്നെ ഭരതനാട്യം പഠിച്ചിരുന്നു. ഇത്തവണത്തെ മത്സരത്തിന് സ്റ്റേജ് ഇനമായി ഭരതനാട്യം ചെയ്താണ് അയച്ചുകൊടുത്തത്. ലോകപരിചയവും കാഴ്ചപ്പാടുകളും മത്സരത്തിൽ ഒരു വിഷയമാണ്. സൗന്ദര്യമത്സരങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ തെറ്റില്ല. ഇതിലൂടെ മറ്റുള്ളവർക്ക് നമ്മൾ പ്രചോദനമാകുകയാണെന്ന് ശശിലേഖ വിലയിരുത്തി.
മൈക്രോ ബയോളജിയിൽ ബിരുദവും ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ഹ്യുമാനിറ്റിസിൽ ഓണററി ഡോക്ടറേറ്റും കരസ്ഥമാക്കിയിട്ടുണ്ട്. വിവാഹപ്രായം 21 ആക്കുന്നതിനോട് യോജിപ്പുണ്ട്. ഇപ്പോഴത്തെ നിലയിൽ പെൺകുട്ടികൾക്ക് ഇതുനല്ലതാണ്. നിയമം നടപ്പിലായെങ്കിൽ മാത്രമേ ഇതിൽ എന്തെങ്കിലും പോരായ്മകളുണ്ടോയെന്നു കാണാനാകൂവെന്നും ശശിലേഖ പറഞ്ഞു.
ഐ.ബി.എം പ്രോജക്ട് എക്‌സിക്യൂട്ടീവ് ഓമല്ലൂർ സ്വാതിനിലയത്തിൽ രാജീവ്കുമാർ പിള്ളയാണ് ഭർത്താവ്. സ്വാതി, ജാഹ്നവി എന്നിവർ മക്കളാണ്.
പത്തനംതിട്ട നാരങ്ങാനം കാട്ടൂർ വിജയസദനത്തിൽ റിട്ട.സുബേദാർ മേജർ ശശിധരൻ നായരുടെയും റിട്ട. അദ്ധ്യാപിക കെ.വി. വിജയമ്മയുടെയും മകളാണ്. തിരുവനന്തപുരം ടെക്‌നോപാർക്ക് കേന്ദ്രീകരിച്ചുള്ള എക്യുമാട്രിക്‌സ് ഇൻഫോവേയ്‌സ് സൊല്യൂഷൻ മാനേജിംഗ് ഡയറക്ടർ കൂടിയാണ് ഡോ.ശശിലേഖ.