റാന്നി: പമ്പ നദിയിൽ രാസവസ്തുക്കൾ കലക്കി മീൻ പിടിക്കുന്നതായി പരാതി. നദിയുടെ ആഴം കുറഞ്ഞ ഭാഗങ്ങളായ കട്ടിക്കൽ,കടുമീൻചിറ, തോണിക്കടവ്, അത്തിക്കയം എന്നീ ഭാഗങ്ങളിലാണ് മീൻ പിടിക്കാനായി വെള്ളത്തിൽ രാസവസ്തുക്കൾ കലക്കുന്നത്. ഇതുമൂലം മീനുകൾ കൂട്ടമായി ചാകുന്നുണ്ട്. അന്യ സംസ്ഥാനത്തു നിന്നുള്ള നാടോടി സംഘങ്ങളും ഇത്തരത്തിൽ മീൻ പിടിക്കുന്നുണ്ട്. വിൽപ്പനക്കായി മീൻ പിടിക്കുന്ന സംഘങ്ങളാണ് പുഴയിൽ രാസവസ്തുക്കൾ പോലുള്ളവ കലക്കുന്നത്. വേനൽ കടക്കുന്നതോടെ നിരവധിപേരാണ് പുഴയെ ആശ്രയിക്കുന്നത്. പതിനായിരക്കണക്കിന് കുടുംബങ്ങൾ പമ്പാ നദിയിലെ വെള്ളം ഉപയോഗിക്കുന്നുണ്ട്.അധികൃതർ ഇടപെട്ട് വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് തീരദേശത്ത് താമസിക്കുന്ന ജനങ്ങൾ ആവശ്യപ്പെടുന്നത്. മുൻകാലങ്ങളിൽ തോട്ട പൊട്ടിച്ചും മറ്റും മീൻ പിടിക്കുന്നത് പതിവായിരുന്നു. ഇത്തരത്തിൽ മീൻ പിടിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കാൻ തുടങ്ങിയതോടെയാണ് മറ്റു പല മാർഗങ്ങളിലൂടെ മീൻ പിടിത്തം തുടങ്ങിയത്. ഇത്തരത്തിൽ രാസവസ്തുക്കൾ കലക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.