omicron

പത്തനംതിട്ട : നൈജീരിയയിൽ നിന്നെത്തിയ ഇരവിപേരൂർ പഞ്ചായത്ത് സ്വദേശിക്ക് ജില്ലയിൽ ഒമിക്രോൺ സ്ഥിരീകരിച്ചു. 14ന് നൈജീരിയയിൽ നിന്ന് എറണാകുളത്താണ് എത്തിയത്. ഹോം ക്വാറന്റൈനിലായ ഇദ്ദേഹത്തിന് 18നാണ് കൊവിഡ് സ്ഥിരീകരിച്ചത്. അച്ഛനും അമ്മയും ഭാര്യയും രണ്ട് മക്കളും സമ്പർക്കപട്ടികയിലുണ്ട്. പൊതുസമ്പർക്കമില്ലാത്തതിനാൽ ഇതുവരെ ജില്ലയിൽ അപകടസാദ്ധ്യതയില്ല. വ്യാപനസാദ്ധ്യത കൂടിയ വൈറസ് ആയതിനാൽ ജില്ലയിൽ ജാഗ്രത തുടരുകയാണ്.

ഹൈറിസ്ക് വിഭാഗത്തിൽപ്പെടുന്ന പതിനൊന്ന് രാജ്യങ്ങളിൽ നിന്നുള്ളവർ ഇപ്പോൾ ജില്ലയിലുണ്ട്. യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, ബോത്‌സ്വാന, ചൈന, സിംബാവേ, മൗറിഷ്യസ്, ന്യൂസിലാൻഡ്, ഹോങ്കോംഗ്, സിംഗപൂർ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയവർ ജില്ലയിലുണ്ട്. ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലകൂടിയാണ് പത്തനംതിട്ട. പത്ത് പേർ ജില്ലയിൽ നിരീക്ഷണത്തിലുണ്ട്.

524 പേരാണ് ഈ മാസം ഇതുവരെ ഹൈറിസ്ക്

രാജ്യങ്ങളിൽ നിന്ന് ജില്ലയിൽ എത്തിയത്.

നിർദേശങ്ങൾ

കേന്ദ്ര മാർഗനിർദേശ പ്രകാരം ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വരുന്നവർ ഏഴുദിവസം ക്വാറന്റൈനിലും ഏഴുദിവസം സ്വയംനിരീക്ഷണത്തിലും തുടരണം.

മറ്റുരാജ്യങ്ങളിൽ നിന്ന് വരുന്നവർ 14 ദിവസം സ്വയംനിരീക്ഷണത്തിലിരിക്കണം.വിദേശത്ത് നിന്നെത്തുന്നവർ സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുളള സ്ഥലങ്ങൾ, തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തരുത്.

വിവാഹം, മരണം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം.

ക്വാറന്റൈൻ മാർഗ നിർദേശങ്ങൾ പാലിക്കുന്നതിനോടൊപ്പം അടിസ്ഥാന പ്രതിരോധ മാർഗങ്ങളായ മാസ്‌കും കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും പാലിക്കണം.

ക്രിസ്മസ് വിപണിയിൽ ആശങ്ക

ക്രിസ്മസ് പുതുവത്സര വിപണിയിൽ തിരക്കേറിയതോടെ കൊവിഡ്, ഒമിക്രോൺ ജാഗ്രതാ നിർദേശവുമുണ്ട്. കടകളിലും റോഡിലും വൻതിരക്കാണുള്ളത്. ഷോപ്പിംഗിനെത്തുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ വ്യാപന സാദ്ധ്യതയേറെയാണ്.

"ജില്ലയിൽ അപകടകരമായ സാദ്ധ്യത നിലവിൽ ഇല്ല. പൊതുസമ്പർക്കം രോഗികൾക്കില്ലാത്തതിനാൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ജില്ലയിൽ ഇനി വരുന്ന ദിവസങ്ങളിൽ കരുതലുകൾ ആവശ്യമാണ്. കടകളിലും മറ്റ് ആൾക്കൂട്ട ആഘോഷങ്ങളിലും ജാഗ്രത പാലിക്കണം. "

ഡോ.എൽ.അനിത കുമാരി

ഡി.എം.ഒ