sabari

ശബരിമല: മണ്ഡലകാലത്ത് അയ്യപ്പൻമാർക്ക് സൗകര്യങ്ങൾ ഒരുക്കാൻ വിവിധവകുപ്പുകളുടെ ഏകോപിതമായ പ്രവർത്തനംകൊണ്ട് സാധിച്ചുവെന്ന് എ.ഡി.എം. അർജുൻ പാണ്ഡ്യൻ പറഞ്ഞു. മണ്ഡലപൂജയോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ സന്നിധാനം സ്‌പെഷ്യൽ ഓഫീസർ പ്രജീഷ് തോട്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തങ്കഅങ്കി ഘോഷയാത്രയുടെ സന്നിധാനത്തെ സ്വീകരണവും മണ്ഡലപൂജയുടെ ഒരുക്കങ്ങളും യോഗംവിലയിരുത്തി. തങ്കഅങ്കി സന്നിധാനത്തെത്തുന്ന 25ന് വൈകിട്ട് അയ്യപ്പൻമാർക്ക് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 1.30നാണ് തങ്കഅങ്കി പമ്പയിലെത്തുക. മൂന്നിന് പമ്പയിൽ നിന്ന് തിരിക്കുന്ന ഘോഷയാത്ര വൈകിട്ട് അഞ്ചിന് ശരംകുത്തിയിലെത്തും. 6.30നാണ് തങ്കഅങ്കി സന്നിധാനത്തെത്തുക. തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കാൻ ആചാരപ്രകാരമുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ടെന്ന് എക്‌സിക്യൂട്ടിവ് ഓഫീസർ വി.കൃഷ്ണകുമാര വാരിയർ യോഗത്തിൽ അറിയിച്ചു. 43,000 ത്തോളം തീർത്ഥാടകരാണ് ഇപ്പോൾ പ്രതിദിനം സന്നിധാനത്തെത്തുന്നത്. തീർത്ഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന വിധത്തിൽ ആനയിറങ്ങുന്നത് തടയാൻ പൊലീസിന്റെയും വനംവകുപ്പിന്റെയും സുരക്ഷാസംവിധാനങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. രാത്രിയും പകലും വനംവകുപ്പ് പട്രോളിംഗ് നടത്തുന്നുണ്ട്. പമ്പയിൽ ഇളനീരിന് അമിതവില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. 35 രൂപയാണ് ഇളനീരിന്റെ പരമാവധി വില. വില പ്രദർശിപ്പിക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ട്. സന്നിധാനത്ത് ചുമതലയിലുള്ള വിവിധവകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.