 
തിരുവല്ല: വെള്ളപ്പൊക്കത്തിൽ തകർച്ചയിലായിരുന്ന അഴിയിടത്തുചിറ - മേപ്രാൽ - അംബേദ്ക്കർ കോളനി റോഡിന്റെ ശനിദശ മാറി. ഉന്നത നിലവാരത്തിൽ റോഡ് നിർമ്മിക്കുന്നതിനുള്ള ജോലികൾ ഇന്നലെ തുടങ്ങി. തിരുവല്ല നഗരസഭയിൽ തുടങ്ങി പെരിങ്ങര പഞ്ചായത്തിലൂടെ കടന്നുപോകുന്ന കോട്ടയം ജില്ലയിൽ പ്രവേശിക്കാവുന്ന റോഡിന്റെ നിർമ്മാണത്തിന് 7കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 5.1കിലോമീറ്ററാണ് ദൂരം.വർഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ മുങ്ങുന്ന റോഡ് ഒന്നരയടി ഉയരത്തിലാണ് നിർമ്മിക്കുന്നത്. റോഡിലെ 10കലുങ്കുകൾ പൊളിച്ചു പണിയുന്നുണ്ട്. റോഡിന്റെ നിലവിലെ വീതി 3.8 മീറ്ററാണ്. സ്ഥലം സൗജന്യമായി വിട്ടുകിട്ടിയാൽ ഏറ്റെടുത്ത് ഓടയും സംരക്ഷണഭിത്തിയും നിർമ്മിക്കും. 12 മാസമാണ് കരാർ കാലാവധി. 2018 ലെ പ്രളയത്തിൽ റോഡിൽ ആറടിയിലേറെ വെള്ളം കയറിയിരുന്നു. ജില്ലാ അതിർത്തിയായ അംബേദ്ക്കർ കോളനി കഴിഞ്ഞാൽ കോട്ടയം ജില്ലയിലെ പായിപ്പാട് പഞ്ചായത്താണ്. ഇവിടെനിന്നും നാല് കിലോമീറ്റർ പോയാൽ എ.സി.റോഡിലെ കിടങ്ങറയിലെത്തും. ഈഭാഗത്ത് റോഡ് പകുതിദൂരം ഉന്നതനിലവാരത്തിൽ നിർമ്മിച്ചിട്ടുണ്ട്. പകുതിഭാഗം തകർന്നു കിടക്കുകയാണ്. മഴക്കാലത്ത് പെരിങ്ങര പഞ്ചായത്തിലെ മിക്ക റോഡുകളും വെള്ളത്തിൽ മുങ്ങി ഗതാഗതം തടസപ്പെടുന്ന സ്ഥിതിയാണ്. എങ്കിലും ഗ്രാമീണ മേഖലയുടെ വികസനത്തിന് പുതിയ റോഡ് മുതൽക്കൂട്ടാകും.
7 കോടി അനുവദിച്ചു
5.1കിലോമീറ്ററാണ് ദൂരം
കരാർ കാലാവധി 12 മാസം
10കലുങ്കുകൾ പൊളിച്ചു പണിയും