24-platinum-jubilee
അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു

കൊടുമൺ: വിദ്യകൊണ്ടു പ്രബുദ്ധരാവുക എന്നതാണ് ശ്രീനാരായണഗുരുദേവൻ മാനവരാശിക്കു നൽകിയ ഏറ്റവും വലിയ സന്ദേശമെന്നും ദേവാലയങ്ങളേക്കാൾ വിദ്യാലയങ്ങളാണ് ഉയർന്നുവരേണ്ടതെന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു. അങ്ങാടിക്കൽ എസ്. എൻ. വി. ഹയർ സെക്കൻഡറി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതു കാലത്തിനും യോജിക്കുന്നവയായിരുന്നു ശിവഗിരി തീർത്ഥാടനത്തിന് ഗുരുദേവൻ നൽകിയ സന്ദേശം. എട്ടു സന്ദേശങ്ങളിൽ ഏറ്റവും പ്രധാനമായി പറഞ്ഞത് വിദ്യാഭ്യാസത്തെക്കുറിച്ചായിരുന്നു. ഇരുളടഞ്ഞ മൂലകളിൽ കഴിഞ്ഞിരുന്നവർക്കു വെളിച്ചം നൽക്കുകയായിരുന്നു ഗുരുദേവൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ പ്രതിഭാ പുരസ്‌കാരങ്ങൾ നൽകി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻപിള്ള, ജില്ലാ പഞ്ചായത്തംഗം ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. ആർ. ബി. രാജീവ്കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ജിതേഷ് കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യദേവി, പി.റ്റി. എ. പ്രസിഡന്റ് കെ. കെ. അശോക് കുമാർ, എച്ച്. എസ്. എസ്. പ്രിൻസിപ്പൽ എം. എൻ. പ്രകാശ്,എസ്. എൻ. ഡി. പി. യോഗം ശാഖാ പ്രസിഡന്റ് രാഹുൽ ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. അടൂർ യൂണിയൻ പ്രസിഡന്റ് അഡ്വ. മണ്ണടി മോഹനൻ പ്ലാറ്റിനം ജൂബിലി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രാജൻ ഡി. ബോസ് പ്ലാറ്റിനം ജൂബിലി രൂപരേഖ അവതരിപ്പിച്ചു.