പത്തനംതിട്ട: മലയാളത്തിന്റെ പ്രിയ കവി സുഗതകുമാരിയുടെ ഒാർമ്മദിനത്തിൽ പരിസ്ഥിതി സ്നേഹികളും വായനക്കാരും നാട്ടുകാരും ആറൻമുളയിൽ ഒത്തുകൂടി. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ സ്മാരകമായി സുഗതകുമാരിയുടെ നിർദ്ദേശപ്രകാരം ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിന് മുന്നിൽ നട്ടുവളർത്തിയ പേരാലിന്റെ ചുവട്ടിലായിരുന്നു അനുസ്മരണം. തരിശുകിടക്കുന്ന ആറൻമുള പുഞ്ചയിൽ നെൽകൃഷി നടത്തണമെന്ന സുഗതകുമാരിയുടെ നിർദ്ദേശം നടപ്പാക്കാനുള്ള നടപടികൾ ജനുവരിയിൽ ആരംഭിക്കുമെന്ന് പി.പ്രസാദ് പറഞ്ഞു.
മനുഷ്യരോടൊപ്പം മരങ്ങളെയും സുഗതകുമാരി സ്‌നേഹിച്ചു. സാമൂഹികവും സംസ്‌കാരികവുമായി പാർശ്വവൽക്കരിക്കപ്പെടുന്നവരുടെ ശബ്ദമായിരുന്നു അവർ. മണ്ണും പുഴയും മലയും വയലും ആക്രമിക്കപ്പെടുമ്പോഴും പെണ്ണ് അനാഥമാക്കപ്പെടുമ്പോഴും പ്രകൃതി സംഹാരമാണ് നടക്കുന്നതെന്ന് അറിഞ്ഞ് അവിടെയെത്തി പ്രതിരോധിക്കുക എന്നതായിരുന്നു സുഗതകുമാരിയുടെ ജീവിത സന്ദേശമെന്ന് മന്ത്രി പറഞ്ഞു.
സംഘാടക സമിതി കൺവീനറും മുൻ എം.എൽ.എയുമായ എ. പദ്മകുമാർ അദ്ധ്യക്ഷനായിരുന്നു. കേരള ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ചെയർമാൻ പീലിപ്പോസ് തോമസ്, ജില്ലാ പഞ്ചായത്തംഗം ആർ. അജയകുമാർ, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി, ഗ്രാമപഞ്ചായത്തംഗങ്ങളായ പ്രസാദ് വേരുങ്കൽ, എസ്. ശ്രീലേഖ, സി. ആർ. സതീദേവി, പ്ലാന്റേഷൻ കോർപ്പറേഷൻ എം.ഡി. ജെ. സജീവ്, പരിസ്ഥിതി പ്രവർത്തകൻ കോട്ടാങ്ങൽ ഗോപിനാഥൻ നായർ, മലയാളം സർവകലാശാല ചരിത്ര വിഭാഗം അംഗം ഡോ. എ. മോഹനാക്ഷൻ നായർ, സി.പി.ഐ ജില്ലാ ആക്ടിംഗ് സെക്രട്ടറി മലയാലപ്പുഴ ശശി, ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.