covid

പത്തനംതിട്ട : ജനറൽ ആശുപത്രിയിൽ ഒമിക്രോൺ കാഷ്വാലിറ്റി തുറന്നു. രണ്ടു നഴ്സുമാരെ ജോലിയ്ക്കായി ക്രമീകരിച്ചിട്ടുണ്ട്. മുമ്പ് കൊവിഡിനായി ഒരുക്കിയ കൊവിഡ് ട്രയാജിൽ തന്നെയാണ് ഒമിക്രോൺ കാഷ്വാലിറ്റിയായും പ്രവർത്തിക്കുന്നത്. ഒമിക്രോൺ കേസുകൾ വർദ്ധിച്ചാൽ വാർഡും ക്രമീകരിച്ചേക്കും. നിലവിൽ രോഗികളാരും ജില്ലയിൽ എത്തിയിട്ടില്ല. ജില്ലക്കാരായ മൂന്ന് പേർക്ക് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർ എറണാകുളത്ത് ചികിത്സയിലാണ്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്താൽ ആവശ്യമായ ക്രമീകരണങ്ങൾ ജില്ലയിൽ ഒരുക്കും. ക്രിസ്മസിനും പുതുവത്സര ആഘോഷത്തിനും ശേഷം ജില്ലയിൽ കൊവിഡ് , ഒമിക്രോൺ കേസുകൾ വർദ്ധിക്കുമോയെന്ന ആശങ്കയുണ്ട്. രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്താൽ ആരോഗ്യവകുപ്പിനെ വിവരമറിയിക്കണം.

ഒമിക്രോൺ വൈറസ് ഡെൽറ്റ വകഭേദത്തിന്റെ അത്രയും അപകടകാരിയല്ലാത്തതിനാൽ ആശങ്കയില്ല. ചെറിയ പേശിവേദന, വരണ്ട ചുമ, തൊണ്ട വേദന എന്നിവയാണ് ലക്ഷണങ്ങൾ. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ രോഗം ഭേദമാകും. എന്നാൽ വ്യാപന ശേഷി കൂടുതൽ ആണ്.

വിദേശത്ത് നിന്നെത്തുന്നവർ സാമൂഹിക ഇടപെടലുകൾ, ആൾക്കൂട്ടങ്ങളുളള സ്ഥലങ്ങൾ, തിയേറ്ററുകൾ, ഷോപ്പിംഗ് മാളുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തരുതെന്ന് ആരോഗ്യ വകുപ്പിന്റെ കർശന നിർദേശമുണ്ട്. വിവാഹം, മരണം, പൊതുചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണം. അവധി ആഘോഷിക്കാൻ നിരവധി പേരാണ് രാജ്യത്തിന് പുറത്തേക്കും തിരികെ നാട്ടിലേക്കും എത്തുന്നത്.

"കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. നിലവിൽ ജില്ലയിൽ രോഗികൾ ചികിത്സയിലില്ല. ആഘോഷങ്ങളിൽ സ്വയംസുരക്ഷ ഉറപ്പാക്കണം. എന്തെങ്കിലും ബുദ്ധിമുട്ടോ രോഗലക്ഷണങ്ങളോ തോന്നിയാൽ സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലൊ ആശാവർക്കർമാരെയോ വിവരം അറിയിക്കണം. "

ഡോ.എൽ.അനിത കുമാരി

ജില്ലാ മെഡിക്കൽ ഒാഫീസർ