ചെങ്ങന്നൂർ: മലയോരമേഖലയോടുളള കെ.എസ്.ആർ.ടി.സി ചെങ്ങന്നൂർ ഡിപ്പോയുടെ അവഗണന തുടരുന്നു. ഹൈറേഞ്ചിലേക്ക് ചെങ്ങന്നൂരിൽ നിന്നുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ ഏക സർവീസ് മുടങ്ങിയിട്ട് എട്ടുമാസം. മണ്ഡല-മകരവിളക്ക് കാലത്ത് അന്യസംസ്ഥാന തീർത്ഥാടകർ എരുമേലിക്കും മുണ്ടക്കയത്തിനും യാത്രചെയ്യാൻ ഏറ്റവുമധികം ആശ്രയിച്ചിരുന്നത് ഇടുക്കി ജില്ലയുടെ ഹൈറേഞ്ച് മേഖലയിലേക്കും തിരിച്ചും ചെങ്ങന്നൂർ ഡിപ്പോ ഓപ്പറേറ്റ് ചെയ്തു വന്നിരുന്ന ഈ സർവീസാണ്. ചെങ്ങന്നൂർ,പത്തനംതിട്ട,നെടുങ്കണ്ടം (ടേക് ഓവർ) ഫാസ്റ്റ്പാസഞ്ചർ. ദിവസവും പുലർച്ചെ 4.30ന് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നാണ് സർവീസ് ആരംഭിച്ചിരുന്നത്. ചെങ്ങന്നൂരിൽ പുലർച്ചെ ട്രെയിനിറങ്ങുന്നവർക്ക് കോഴഞ്ചേരി, പത്തനംതിട്ട, റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കും ഉപകാരപ്പെട്ടിരുന്നു. 2021ഏപ്രിൽ അവസാനത്തിലെ രണ്ടാം ലോക്ക് ഡൗൺ ആയതോടെയാണ് സർവീസ് നിറുത്തലാക്കിയത്. അവസാന ഓട്ടത്തിലും 15,000 രൂപയ്ക്കടുത്ത് കളക്ഷൻ കിട്ടിയിരുന്നു. ലോക്ക് ഡൗണിൽ നിറുത്തിവച്ച ഡിപ്പോയുടെ എല്ലാ ദീർഘദൂര സർവീസുകളും പുനരാരംഭിച്ചെങ്കിലും നെടുങ്കണ്ടം ഫാസ്റ്റ് പാസഞ്ചറിൽ മാത്രം ഡബിൾ ബെൽ കേട്ടില്ല. സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും സർക്കാർ ജീവനക്കാരുമടക്കം സ്ഥിരം യാത്രക്കാരുടെ ജനപ്രിയ സർവീസാണ് ഇതുമൂലം ഇല്ലാതായത്.

എരുമേലി വഴി - ഗവി യാത്രകൾക്കും പ്രയോജനം

ശബരിമല മണ്ഡലകാലം അവസാനഘട്ടത്തിലേക്കു കടന്നിട്ടും ചെങ്ങന്നൂരിൽ നിന്ന് എരുമേലി വഴിയുള്ള ഒരേയൊരു സർവീസ് പുനരാരംഭിക്കാൻ ബന്ധപ്പെട്ടവർ താൽപ്പര്യം കണിക്കാത്തത് തീർത്ഥാടകർക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. ടൂറിസം കേന്ദ്രമായ ഗവിയിലേക്ക് പത്തനംതിട്ടയിൽ നിന്നുള്ള ആദ്യ സർവീസ് രാവിലെ 6.30നാണ് ആരംഭിക്കുന്നത്. പത്തനംതിട്ട,ഗവി,കുമിളി, ഓർഡിനറി ബസിന് പത്തനംതിട്ടയെത്തി സീറ്റുറപ്പിക്കാൻ വടക്കൻ കേരളത്തിൽ നിന്ന് പലരും അതിരാവിലെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങാറുണ്ടായിരുന്നു. ഇവർ പിന്നീട് നെടുങ്കണ്ടം ഫാസ്റ്റ് പാസഞ്ചർ പ്രയോജനപ്പെടുത്തി പത്തനംതിട്ടയിലെത്തിയിരുന്നു.

..............

ചെങ്ങന്നൂരിൽ നിന്ന് ആദ്യമായി 2016 ഒക്ടോബർ 19ന് ആരംഭിച്ച സർവീസ് എത്രയും വേഗം പുനരാരംഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണം

(സ്ഥിരം യാത്രക്കാർ)

..............

കളക്ഷൻ കുറവായിരുന്നതു മൂലമാണ് സർവീസ് നിറുത്തലാക്കിയത്

)കെ.എസ്.ആർ.ടി.സി അധികൃതർ)

...........

- സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനം

- ചെങ്ങന്നൂരിൽ നിന്ന് ആദ്യമായി 2016 ആരംഭിച്ച സർവീസ്