sabarimala

ശബരിമല: മണ്ഡലപൂജയ്ക്ക് അയ്യപ്പസ്വാമിക്ക് ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് പമ്പയിലെത്തും. വൈകിട്ട് 3ന് ഇവിടെനിന്ന് പുറപ്പെട്ട് 5 മണിയോടെ ശരംകുത്തിയിലെത്തുമ്പോൾ ആചാരപ്രകാരമുള്ള സ്വീകരണം നൽകും. ശ്രീകോവിലിൽ നിന്ന് തന്ത്രി പൂജിച്ചുനൽകിയ പുഷ്പഹാരങ്ങൾ അണിഞ്ഞെത്തുന്ന ദേവസ്വം ബോർഡ് ജീവനക്കാരും മറ്റ് വകുപ്പുകളുടെ പ്രതിനിധികളും അടങ്ങുന്ന സംഘം ഘോഷയാത്രയെ സന്നിധാനത്തേക്ക് ആനയിക്കും.

പതിനെട്ടാംപടി കയറിയെത്തുമ്പോൾ കൊടിമരത്തിനു മുന്നിൽ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, മെമ്പർമാരായ പി.എം. തങ്കപ്പൻ, മനോജ് ചരളേൽ എന്നിവർ ചേർന്ന് സ്വീകരിക്കും. സോപാനത്തുവച്ച് തന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി എന്നിവർ ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ ചാർത്തി 6.30ന് ദീപാരാധന നടത്തും.
നാളെ ഉച്ചയ്ക്ക് 11.50നും 1.15 നും മദ്ധ്യേയുള്ള മുഹൂർത്തത്തിലാണ് തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ. ഉച്ചയ്ക്ക് നട അടയ്ക്കും. വൈകിട്ട് 4ന് നട തുറക്കും. 6.30ന് ദീപാരാധനയും തുടർന്ന് പടിപൂജയും. അത്താഴപൂജയ്ക്ക് ശേഷം രാത്രി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടുനിന്ന ശബരിമല മണ്ഡലകാല തീർത്ഥാടനത്തിന് സമാപനമാകും. മകരവിളക്ക് ഉത്സവത്തിനായി ഡിസം. 30 വൈകിട്ട് 5ന് നട തുറക്കും.