cpm

പത്തനംതിട്ട: സി.പി.എം ജില്ലാ സമ്മേളനം 27 മുതൽ 29 വരെ അടൂരിൽ നടക്കും. മാർത്തോമ യൂത്ത് സെന്ററിലാണ് സമ്മേളനം. പതാക, ദീപശിഖ, കൊടിമര ജാഥകൾ 26ന് നടക്കും. 11ഏരിയകളെ പ്രതിനിധീകരിച്ച് 150 പ്രതിനിധികളും 33 ജില്ലാകമ്മിറ്റി അംഗങ്ങളും ജില്ലയിലുള്ള രണ്ട് സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഉൾപ്പെടെ 185 പേരാണ് പ്രതിനിധി സമ്മേളനത്തിൽ പങ്കെടുക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനംചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്രകമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വൻ, ഡോ.ടി.എം. തോമസ് ഐസക്ക്, കെ.കെ.ശൈലജ, എ.കെ ബാലൻ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനത്തലവട്ടം ആനന്ദൻ , എം.എം.മണി, കെ.ജെ.തോമസ്. കെ.എൻ. ബാലഗോപാൽ എന്നിവർ പങ്കെടുക്കും. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. 1,556 ബ്രാഞ്ച് സമ്മേളനവും 106 ലോക്കൽ സമ്മേളനവും 11 ഏരിയ സമ്മേളനവും പൂർത്തിയായശേഷമാണ് ജില്ലാസമ്മേളനം നടക്കുന്നത്.
വികസനരംഗത്ത് കഴിഞ്ഞ നാലുവർഷം കൊണ്ട് സമ്പൂർണ്ണ നേട്ടം ജില്ലയ്ക്ക് കൈവരിക്കാനായതായി ജില്ലാസെക്രട്ടറി കെ.പി. ഉദയഭാനു വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ മേഖലകളിലായി ഏകദേശം 8000 കോടിയോളം രൂപ ജില്ലയിൽ ചെലവഴിച്ചിട്ടുണ്ട്. റോഡ്, പാലം, ആശുപത്രി, സ്‌കൂൾ കെട്ടിടങ്ങൾ എന്നിവ പൂർത്തിയായിവരുന്നു. ആരോഗ്യമേഖലയിലും അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ കഴിഞ്ഞു. എല്ലാ വിഭാഗം ജനങ്ങളും സി.പി.എമ്മിൽ വിശ്വാസമർപ്പിച്ചിട്ടുണ്ട്.
കൊവിഡ് വ്യാപനസമയത്ത് നാടിനെയും ജനങ്ങളെയും ചേർത്തുപിടിക്കാൻ പാർട്ടി പ്രവർത്തകർ രംഗത്തുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, സ്വാഗതസംഘം ചെയർമാൻ പി.ബി.ഹർഷകുമാർ, കൺവീനർ അഡ്വ.എസ്. മനോജ്, ടി. ഡി. ബൈജു എന്നിവർ പങ്കെടുത്തു .