
പത്തനംതിട്ട: ജില്ലയിൽ സി.പി.എമ്മിന്റെ അംഗസംഖ്യയിൽ ഉണ്ടായ വർദ്ധനയ്ക്ക് അനുസൃതമായി ജില്ലാകമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും വനിതാപ്രാതിനിധ്യം ഉൾപ്പെടെ വർദ്ധിക്കും. നിലവിൽ ജില്ലാ കമ്മിറ്റിയിൽ 33 പേരാണുള്ളത്. ഇതിൽ മൂന്ന് വനിതകളുണ്ട്. ജില്ലാ കമ്മിറ്റിയുടെ അംഗസംഖ്യ 34 വരെയാകുമെന്ന് സെക്രട്ടറി കെ.പി.ഉദയഭാനു സൂചന നൽകി. പാർട്ടി സമ്മേളനമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത്. വനിത പ്രാതിനിധ്യത്തോടൊപ്പം യുവജനങ്ങൾക്കും പ്രാതിനിധ്യം വർദ്ധിക്കും. പ്രായപരിധി കർശനമാക്കിയിട്ടുള്ളതിനാൽ മുതിർന്ന അംഗങ്ങളിൽ പലരും ജില്ലാകമ്മിറ്റിയിൽ നിന്ന് ഒഴിവാക്കപ്പെടും. പുതുമുഖങ്ങളെ എക്കാലവും നേതൃത്വത്തിലേക്കു കൊണ്ടുവന്ന പാർട്ടിയാണ് സി.പി.എമ്മെന്ന് കെ.പി. ഉദയഭാനു പറഞ്ഞു. കഴിഞ്ഞസമ്മേളനത്തിൽ എട്ട് പുതുമുഖങ്ങളെ ജില്ലാകമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തിരുന്നു. പിന്നീട് നാലുപേരെ കൂടി ഉൾപ്പെടുത്തി. നിലവിൽ 23,000 അംഗങ്ങളാണ് പാർട്ടിയിലുള്ളത്.
കോട്ടാങ്ങലിൽ എസ്.ഡി.പി.ഐ
പിന്തുണ പുനരാലോചിക്കും
പത്തനംതിട്ട: കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിൽ എസ്.ഡി.പി.ഐ പിന്തുണയോടെ ഭരണത്തിൽ തുടരുന്നത് പുനരാലോചിക്കുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. ആർക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന കോട്ടാങ്ങൽ ഭരണസമിതിയിൽ ഏറ്റവുമധികം അംഗങ്ങളുള്ള എൽ.ഡി.എഫിനെ എസ്.ഡി.പി.ഐ പിന്തുണച്ചിരുന്നു. ആദ്യ രണ്ടുതവണ അവരുടെ പിന്തുണയുടെ പേരിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.പി.എം പ്രതിനിധി രാജിവച്ചു. മൂന്നാംതവണ സത്യപ്രതിജ്ഞ ചെയ്യേണ്ടത് ഭരണസ്തംഭനം ഒഴിവാക്കാൻ വേണ്ടിയായിരുന്നു. തദ്ദേശസ്ഥാപനങ്ങളിൽ ഭരണസ്തംഭനം ഒഴിവാക്കാൻ ഹൈക്കോടതി നൽകിയ നിർദേശങ്ങൾ പരിഗണിക്കും. കോട്ടാങ്ങലിൽ അടുത്തദിവസം അവിശ്വാസം പരിഗണിക്കുന്നുണ്ട്. പത്തനംതിട്ട നഗരസഭയിൽ എൽ.ഡി.എഫിന് എസ്.ഡി.പി.ഐയുമായി ബന്ധമില്ലെന്നും സ്റ്റാൻഡിംഗ് കമ്മിറ്റികളിൽ ഒരെണ്ണം അവർ നേടിയത് തങ്ങളുടെ പിഴവുകൊണ്ടല്ലെന്നും ഉദയഭാനു പറഞ്ഞു.