പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ 27ന് ഡി.സി.സി നേതൃത്വത്തിൽ ജന ജാഗരൺ പദയാത്ര സംഘടിപ്പിക്കും. ആന്റോ ആന്റണി എം.പി നേതൃത്വം നൽകും. ഉച്ചയ്ക്ക് രണ്ടിന് കോഴഞ്ചേരിയിൽ നിന്ന് ഇലന്തൂരിലേക്കാണ് പദയാത്ര. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി കോഴഞ്ചേരിയിൽ പദയാത്ര ഉദ്ഘാടനം ചെയ്യും. കോഴഞ്ചേരി സി.കേശവൻ സ്‌ക്വയറിൽ ജാഥാക്യാപ്റ്റൻ ആന്റോ ആന്റണി എം.പിക്ക് പതാക കൈമാറി കെ.സി വേണുഗോപാൽ എം.പി പദയാത്ര ഫ്‌ളാഗ് ഓഫ്‌ചെയ്യും. തെക്കേമല, തുണ്ടഴം,കാരംവേലി,നെല്ലിക്കാല, പരിയാരം തുടങ്ങിയ സ്ഥലങ്ങളുടെ സഞ്ചരിച്ച് ഇലന്തൂർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ സമാപിക്കും.സമാപന സമ്മേളനം കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി ബൽറാം ഉദ്ഘാടനം ചെയ്യും. 10 ബ്ലോക്ക് കമ്മിറ്റികളുടെ കീഴിലുള്ള 80 മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ മുതിർന്ന നേതാക്കൾ, കെ.പി.സി.സി,ഡി.സി.സി ഭാരവാഹികൾ, മുൻ ഭാരവാഹികൾ, മണ്ഡലം പ്രസിഡന്റുമാർ, വാർഡുബൂത്ത്,യൂണിറ്റ് ഭാരവാഹികൾ, പോഷക സംഘടന നേതാക്കൾ തുടങ്ങിയവർ പദയാത്രയിൽ അണിനിരക്കും. വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ,ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം എന്നിവർ പങ്കെടുത്തു.