uniform
നിലയ്ക്കലിന് സമീപം അട്ടത്തോട് ട്രൈബൽ സ്കൂളിൽ ജൻഡൻ ന്യൂട്രൽ യൂണിഫോം ധരിച്ച കുട്ടികൾക്കൊപ്പം ജില്ലാ കളക്ടർ ദിവ്യ എസ്. അയ്യർ

പത്തനംതിട്ട: നിലയ്ക്കൽ അട്ടത്തോട് ഗവ.ട്രൈബൽ എൽ.പി സ്‌കൂളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം വിതരണം ചെയ്തു. രാജ്യത്താദ്യമായാണ് ഒരു ട്രൈബൽ സ്കൂളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കുന്നതെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്. അയ്യർ യൂണിഫോം വിതരണംചെയ്തു. 40 കുട്ടികളാണ് സ്കൂളിലുള്ളത്. യൂണിഫോം ധരിച്ച കുട്ടികൾക്കൊപ്പം ജില്ലാ കളക്ടർ ഫോട്ടോയെടുത്തു. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിലും പങ്കെടുത്ത കളക്ടർ 'പച്ചക്കറിക്കായ തട്ടിൽ ഒരു മുത്തശ്ശി പൊട്ടറ്റോ ചൊല്ലീ...' എന്ന പാട്ട് പാടിയത് കുട്ടികളും രക്ഷിതാക്കളും ഏറ്റുപാടി. കുട്ടികൾക്ക് സർക്കാർ നൽകിയ യൂണിഫോമിനുള്ള 52,000രൂപയുടെ തയ്യൽക്കൂലി ഗുഡ്സമരിറ്റൻ ചാരിറ്റബിൾ സൊസൈറ്റിയാണ് നൽകിയത്.

സ്‌കൂളിന് നിലയ്ക്കലിൽ സ്ഥിരം കെട്ടിടത്തിന് നടപടികൾ പൂർത്തിയായി വരുന്നതായി ജില്ലാകളക്ടർ പറഞ്ഞു. കെട്ടിടത്തിന് ഒരേക്കർ പത്ത് സെന്റോളം വരുന്ന ഭൂമി വനംവകുപ്പ് ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. കെട്ടിടത്തിന് ഭരണാനുമതി ലഭിച്ചു. സാങ്കേതിക അനുമതി പി.ഡബ്യു.ഡിയിൽ നിന്ന് ഉടനടി ലഭിക്കും. പ്രൊപ്പോസൽ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. എത്രയുംവേഗം സ്‌കൂളിനായി സ്ഥിരംകെട്ടിടം ഒരുക്കാൻ നിർദേശം നൽകിയിട്ടുള്ളതായും ജില്ലാ കളക്ടർ പറഞ്ഞു. പെൺകുട്ടികളോട് ലിംഗ വിവേചനം ഉണ്ടാകാൻ പാടില്ല. ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ഉൾപ്പെടെയുള്ള ഇടങ്ങളിൽ കുടുംബത്തിലും സമൂഹത്തിലും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ പരിഗണന ലഭിക്കുന്നത് ഉറപ്പാക്കണമെന്നും ജില്ലാകളക്ടർ പറഞ്ഞു.
പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്മസ് സന്ദേശം ഫാ.ബെൻസി മാത്യു കിഴക്കേതിൽ നൽകി. ഗ്രാമപഞ്ചായത്ത് അംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബൽ ഓഫീസർ എസ്.എസ്.സുധീർ, റാന്നി തഹസിൽദാർ നവീൻ ബാബു, ബി.ആർ.സി പ്രോജക്ട് ഓഫീസർ ഷാജി എ.സലാം, ഹെഡ്മാസ്റ്റർ ബിജു തോമസ്, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് രാജ്, ഊര് മൂപ്പൻ നാരായണൻ എന്നിവർ സംസാരിച്ചു.