ചെങ്ങന്നൂർ: വൈദ്യുതി കണക്ഷൻ കിട്ടാത്തതു മൂലം ചെറിയനാട് പഞ്ചായത്ത് പരിധിയിലെ പൂമാട്ടിൽ പാടശേഖരത്തെ പുഞ്ചക്കൃഷിയുടെ ഒരുക്കങ്ങൾ വൈകുന്നതായി കർഷകർ. അച്ചൻകോവിലാറിനോട് ചേർന്നുകിടക്കുന്ന 100 ഏക്കറുള്ള പാടശേഖരത്ത് 65 ചെറുകിട നാമമാത്ര കർഷകരും, കർഷക തൊഴിലാളികളുമാണുള്ളത്. എല്ലാ വർഷവും നവംബർ പകുതിയോടെ കൃഷിയിറക്കി മാർച്ച് അവസാനം വിളവെടുപ്പ് നടത്തുന്നതാണ് പതിവ്. എന്നാൽ ഈ വർഷം മഴ മൂലം ഒരുക്കങ്ങൾ ആദ്യമേ നീണ്ടു പോയിരുന്നു. അപ്രതീക്ഷിത കാലാവസ്ഥയിൽ വെള്ളം വേഗത്തിൽ ആറ്റിലേക്കിറങ്ങി. വെള്ളം തടഞ്ഞു നിറുത്തുന്നതിനുള്ള ഷട്ടറും നശിച്ച നിലയിലാണ്. വെള്ളം ഇറങ്ങിപ്പോയതിനാൽ ട്രാക്ടറിൽ പാടശേഖരം പൂട്ടാൻ കഴിയാത്ത അവസ്ഥയാണ്. വെള്ളം കുറയുകയും എക്കൽ ധാരാളമായി അടിയുകയും ചെയ്ത സാഹചര്യത്തിൽ ട്രാക്ടറുകൾ ചെളിയിൽ പുതഞ്ഞുപോവുകയാണ്. ജലസേചനത്തിനായി ഉണ്ടായിരുന്ന ലിഫ്റ്റ് ഇറിഗേഷൻ പമ്പ് പ്രവർത്തിപ്പിക്കണമെങ്കിൽ കണക്ഷൻ പുനഃസ്ഥാപിക്കണം.
വെണ്മണി കെ.എസ്.ഇ.ബി ഓഫീസിനെ സമീപിച്ചപ്പോൾ ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്ന് പരിശോധിച്ച് സർട്ടിഫിക്കറ്റ് തന്നാൽ മാത്രമേ കണക്ഷൻ നൽക്കാൻ കഴിയൂ എന്നറിയിച്ചതായി കർഷകർ പറയുന്നു. എന്നാൽ ഈ വ്യവസ്ഥ മുൻകാലങ്ങളിൽ ഇല്ലായിരുന്നെന്നും വിത വൈകിയാൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ടി വരുമെന്ന നിലയിലാണെന്നും കർഷകർ പറഞ്ഞു. വെണ്മണിയിലെ മറ്റ് ചില പാടശേഖരങ്ങളിലും വൈദ്യുതി കണക്ഷൻ ലഭിക്കാത്തതു മൂലം കൃഷി വൈകുന്നുണ്ട്.

അനുമതി ലഭിച്ചാൽ വൈദ്യുതി നൽകും


വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിക്കാൻ കർഷകർക്ക് ആലപ്പുഴ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റിൽ നിന്നുള്ള അനുമതി വേണം എന്നതാണു ചട്ടമെന്ന് കെ.എസ്.ഇ.ബി അസി. എൻജിനിയർ എസ്. അമ്പിളി പറഞ്ഞു. വൈദ്യുതി നൽകുന്നതിന് മറ്റ് തടസങ്ങളില്ല. അനുമതി ലഭിച്ചാലുടൻ കണക്ഷൻ നൽകും.