
ശബരിമല : മണ്ഡലപൂജയ്ക്ക് അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ഇന്ന് സന്നിധാനത്തെത്തും. തങ്കഅങ്കി ഘോഷയാത്ര കടന്നുപോകുന്ന സമയങ്ങളിൽ ഗതാഗതത്തിന് നിയന്ത്രണമുണ്ടാകുമെന്ന് പമ്പ സ്‌പെഷൽ ഓഫീസർ അജിത് കുമാർ അറിയിച്ചു. രാവിലെ 11.30നാണ് തങ്കഅങ്കി നിലയ്ക്കലിൽ എത്തുക. നിലയ്ക്കലിൽ നിന്ന് പുറപ്പെട്ട് പമ്പയിലെത്തുന്നതുവരെ നിലയ്ക്കൽ മുതൽ പമ്പ വരെയും തിരിച്ചും വാഹനഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. ഉച്ചയ്ക്ക് 12.30 ഓടെ മാത്രമേ വാഹനങ്ങൾ കടത്തിവിടൂ. പമ്പയിൽ നിന്ന് തങ്കഅങ്കി ഘോഷയാത്ര സന്നിധാനത്തേക്ക് തിരിക്കുന്നത് വൈകിട്ട് മൂന്നിനാണ്. മൂന്ന് മുതൽ മൂന്നരവരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് തീർത്ഥാടകരെ പ്രവേശിപ്പിക്കില്ല. തങ്കഅങ്കി നീലിമലയിലെത്തുന്നതോടെ തീർത്ഥാടകർക്ക് പ്രവേശനത്തിന് അനുമതി നൽകും. 26ന് രാത്രി പത്തിനാണ് ശബരിമല നടയടയ്ക്കുക. അന്ന് വൈകിട്ട് നാല് മുതൽ നിലയ്ക്കലിൽ നിന്ന് തീർത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല.