mannu
നഗരത്തിൽ റിംഗ് റോഡിന് വശത്തെ നിലം നികത്തിയ സ്ഥലം

പത്തനംതിട്ട: നഗരത്തിൽ സ്റ്റേഡിയത്തിനും സെന്റ് പീറ്റേഴ്സ് ജംഗ്ഷനുമിടയിൽ രാത്രിയിൽ റിംഗ് റോഡിന്റെ വശത്ത് നിലംനികത്തൽ. നിലംനികത്തുന്നതിന് ജില്ലാ കളക്ടറുടെ നിരോധന ഉത്തരവ് നിലനിൽക്കുന്ന സ്ഥലത്താണ് ഇരുട്ടിന്റെ മറവിൽ വ്യാഴാഴ്ച രാത്രിയിൽ ലോഡ് കണക്കിന് മണ്ണിറക്കിയത്. പുലർച്ചെയോടെയാണ് നാട്ടുകാർ അറിഞ്ഞത്. സി.പി.എം ടൗൺ സൗത്ത് ലോക്കൽ സെക്രട്ടറി എം.ജെ.രവിയുടെ നേതൃതത്തിൽ പ്രവർത്തകർ സ്ഥലത്തെത്തി തടഞ്ഞു. പൊലീസിനെ വിളിച്ചു വരുത്തിയെങ്കിലും ലോറികൾ കസ്റ്റഡിയിലെടുക്കാൻ ആദ്യം തയ്യാറിയില്ല. തുടർന്ന് ഏറെ നേരം നടന്ന വാക്കുതർക്കത്തിനൊടുവിൽ മണ്ണടിച്ച മൂന്ന് ടോറസ് ലോറികൾ സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്തു. ഇൗ സമയത്തിനുള്ളിൽ ഹിറ്റാച്ചി കൊണ്ട് മണ്ണ് നികത്തിയിരുന്നു.

കുമ്പഴ മൗണ്ട് ബഥനി സ്കൂളിന് സമീപം ഉരുൾപൊട്ടി വീണ മണ്ണാണ് നിലം നികത്താനുപയോഗിച്ചത്. സ്വകാര്യ വ്യക്തിയുടെ ഭൂമിയിൽ മണ്ണ് ഇറക്കേണ്ട നിലത്തേക്ക് റോഡിൽ നിന്ന് വഴി മാത്രമിട്ട് ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മറച്ചിരുന്നു. ഇവിടെ കെട്ടിടം പണിയാനാണ് മണ്ണ് ഇറക്കിയതെന്ന് അറിയുന്നു. നിയമപ്രകാരമാണ് നിലംനികത്തിയതെന്ന് സ്ഥലം ഉടമ പറയുന്നു. പാസ് എടുത്ത ശേഷമാണ് മണ്ണ് ഇറക്കിയതെന്ന് കോൺട്രാക്ടർ അവകാശപ്പെട്ടു. മുൻ ജില്ലാ കളക്ടർ നിലംനികത്തൽ നിരോധിച്ച സ്ഥലത്താണ് മണ്ണ് ഇറക്കിയതെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി എം.ജെ രവി പറഞ്ഞു. അനധികൃത നടപടിക്ക് പൊലീസ് കൂട്ടു നിന്നത് പ്രതിഷേധാർഹമാണ്. നിലംനികത്താൻ അനുവദിക്കില്ലെന്നും സ്ഥലം ഉടമയ്ക്കെതിരെ കേസെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.