
പന്തളം : വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിവുള്ള നെല്ല് വിളയിച്ചാണ് പരമ്പരാഗത കർഷകനായ പൂഴിക്കാട് ഹരിഹരജവിലാസത്തിൽ ചന്ദ്രനുണ്ണിത്താൻ വിജയംകണ്ടത്. ഒരുമാസത്തിനിടെ രണ്ടുതവണയുണ്ടായ വെള്ളപ്പൊക്കത്തിൽ ആഴ്ചകളോളം വെള്ളത്തിൽ കിടന്നിട്ടും നെൽച്ചെടിക്ക് അതിജീവനത്തിനുള്ള ശക്തിലഭിച്ചത് ജൈവകൃഷി സമ്പ്രദായം പിൻതുടരുന്നതുകൊണ്ടാണെന്ന് ചന്ദ്രനുണ്ണിത്താൻ പറഞ്ഞു.
പൂഴിക്കാട് ശാസ്താംപടി ഏലായിലെ 50സെന്റിലായിരുന്നു ജൈവപരീക്ഷണം നടത്തിയത്.
വളം, കീടനാശിനി എന്നിവയ്ക്ക് പൂർണമായും ജൈവമാർഗമാണ് അവലംബിച്ചത്. ഭാരതീയ പ്രകൃതികൃഷി എന്ന പദ്ധതിയിലാണ് മനുരത്ന ഇനത്തിൽപ്പെട്ട വിത്തുവിതച്ചത്. പൂർണമായും ജൈവരീതിയിൽ തയാറാക്കിയ ബീജാമൃതം, ജീവാമൃതം എന്നിവയാണ് വളവും കീടനാശിനിയുമായി ഉപയോഗിച്ചത്. നെല്ല് കതിരണിഞ്ഞു തുടങ്ങിയപ്പോൾ വെള്ളംപൊങ്ങി നെൽച്ചെടി പൂർണമായും മുങ്ങി. തുടർച്ചയായി രണ്ടുതവണ വെള്ളപ്പൊക്കം പ്രതിസന്ധിയായപ്പോൾ കൃഷി നശിക്കുമെന്ന് ആശങ്കയായിരുന്നെങ്കിലും ജൈവകൃഷിയെ മുറുകെപിടിച്ച ചന്ദ്രനുണ്ണിത്താന് ലഭിച്ചത് നൂറുമേനിയുടെ വിളവായിരുന്നു. 90 ദിവസം പിന്നിട്ടപ്പോൾ നെല്ല് വിളഞ്ഞ് പാടം മുഴുവൻ കതിരണിഞ്ഞു. ഔഷധഗുണമുള്ള ഞവരയും രക്തശാലിയുമെല്ലാം വിളയിച്ച മണ്ണാണ്
ശാസ്താംപടി ഏലാ.
വെള്ളപ്പൊക്കത്തിൽ തളരാത്ത കൃഷിയും കർഷകന്റെ മനസും കൃഷിവകുപ്പും നാട്ടുകാരും തിരിച്ചറിഞ്ഞു. ആഘോഷമായി നടന്ന വിളവെടുപ്പ് ഉത്സവം കൃഷിഓഫീസർ സൗമ്യാശേഖർ ഉദ്ഘാടനം ചെയ്തു. പൂഴിക്കാട് ഗവ.യു.പി സ്കൂളിലെ അദ്ധ്യാപകരും കൊയ്ത്തുത്സവത്തിൽ പങ്കാളികളായി. നഗരസഭാ മുൻകൗൺസിലർ ആനിജോൺ തുണ്ടിൽ, പൂഴിക്കാട് ഗവ.യു.പി സ്കൂൾ പ്രഥമാദ്ധ്യാപിക ബി.വിജയലക്ഷ്മി, സുജാത, ജോൺ തുണ്ടിൽ, വാസുകുട്ടൻപിള്ള, സുജിബേബി, ശശി തറയിൽ, രമ്യ എന്നിവർ പങ്കെടുത്തു.