പന്തളം:പന്തളം നഗരസഭ ഭരണ സമിതി അവഗണിക്കുന്നു എന്നാരോപിച്ച് കൗൺസിലർ രാജി സന്നദ്ധത അറിയിച്ചു. പന്തളം നഗരസഭയിലെ ആറാം വാർഡ് കൗൺസിൽ പി.കെ പുഷ്പലതയാണ് കഴിഞ്ഞ ദിവസം വൈകുന്നേരം നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നൽകാനായി മുനിസിപ്പൽ ഓഫീസിൽ എത്തിയത്, പന്തളം വലിയ കോയിക്കൽ ക്ഷേത്രം ഉൾപ്പെടുന്ന വാർഡിലെ കൗൺസിലറായിട്ടും ബി.ജെ.പി ഭരണസമിതി ശബരിമലയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പോലും അറിയിച്ചില്ലെന്നാണ് പരാതി. ഇത് സംബന്ധിച്ച് പാർട്ടി നേതൃത്വത്തിന് മാസങ്ങൾക്ക് മുമ്പ് കത്ത് നൽകിയിരുന്നു. നടപടിയെടുക്കാത്തതിനാലാണ് രാജി സന്നദ്ധത അറിയിച്ചത്. രാജിക്കത്തുമായി എത്തിയ പുഷ്പ് ലതയെ 2 ബി.ജെ. പി കൗൺസിലർമാർ പിന്തിരിപ്പിക്കുകയായിരുന്നു. ബി.ജെ.പി. മണ്ഡലം പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടിയിൽ കലാപം ആരംഭിച്ചിട്ടുണ്ട്. നഗരസഭ ഭരണ സമിതിയെ പാർട്ടി നേതൃത്വം നിയന്ത്രിക്കുന്നില്ലെന്നും പറയുന്നു. അടൂർ മണ്ഡലം വിഭജിച്ച് പന്തളം മണ്ഡലം രൂപീകരിച്ചപ്പോൾ അതിന്റെ പ്രസിഡന്റാകാൻ ഏറ്റവും അർഹനെന്ന് ഭൂരിപക്ഷം പ്രവർത്തകരും വിശ്വസിച്ചിരുന്ന പന്തളത്തു നിന്നുള്ള നേതാവിനെ വെട്ടിനിരത്തിയതാണ് ഇപ്പോഴത്തെ പ്രശനങ്ങൾക്ക് കാരണം. മുൻ ജില്ലാ പ്രസിഡന്റാണ് അന്നും ഇന്നും പാർട്ടിയെ പ്രതിസന്ധിയാലാക്കുന്നതെന്നാണ് ഒരുവിഭാഗം പ്രവർത്തകർ പറയുന്നത്. . ജില്ലാ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നിട്ടും താൻ ഭരിച്ചിരുന്ന പഞ്ചായത്തിൽ പാർട്ടിക്കു കേവല ഭൂരിപക്ഷം നേടിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നാണ് ആരോപണം.