1
ചെമ്പിലെ മീൻ വളർത്തൽ

തെങ്ങമം: 400 കിലോ അരിവെക്കുന്ന ചെമ്പിൽ മീൻ വളർത്തി കാറ്ററിംഗ് ഉടമ. ലോക്ക് ഡൗണിൽ മറ്റെല്ലാ മേഖലേയും പോലെ തകർന്നടിഞ്ഞ മേഖലയാണ് കാറ്ററിംഗ് പന്തൽ മേഖല. തെങ്ങമം അനൂപ് കാറ്ററിംഗിലെ പി.ശിവൻകുട്ടിയാണ് മാസങ്ങളോളം ജോലിയില്ലാതെ വീട്ടിലിരുന്നപ്പോൾ ചെമ്പ് പാത്രങ്ങളുൾപ്പെടെ നശിക്കാൻ തുടങ്ങിയത് കണ്ട് ചെമ്പിൽ മീൻ വളർത്തൽ ആരംഭിച്ചത്. വീട്ടിലെ ആവശ്യം കഴിഞ്ഞാൽ സുഹൃത്തുക്കൾക്കും നൽകും. വലിയ ക്ഷേത്രങ്ങളിലെ സപ്താഹത്തിനും അതുപോലെയുള്ള വലിയ ആൾക്കൂട്ടമുള്ള പരിപാടിക്കുമാണ് 400 കിലോ അരി വെക്കാവുന്ന ചെമ്പ് ഉപയോഗിച്ചിരുന്നത്. ലോക്ക് ഡൗൺ മുതൽ ഈ വലിയ ചെമ്പ് വിശ്രമത്തിലായിരുന്നു. സാധാരണ മീൻ കുളത്തിൽ മീൻ വളരുന്നതിനേക്കാൾ കാലതാമസമെടുക്കുന്നുണ്ട് ചെമ്പിൽ മീൻ വളരുവാൻ. ഇടക്ക് വെള്ളം മോട്ടോർ ഉപയോഗിച്ച് പറ്റിച്ച് വേറെ വെള്ളം നിറക്കും. തീറ്റ വാങ്ങി നൽകും. മീൻ വളരാൻ കാലതാമസമുണ്ടെങ്കിലും രുചിവ്യത്യാസമില്ല. ആദ്യ വിളവെടുപ്പ് വിജയകരമായിരുന്നു. തുടർന്നാണ് വീണ്ടും കൃഷിയിറക്കിയത്. മരുമകൾ വിജയലക്ഷ്മിയാണ് പരിചരണം. ലോക്ക് ഡൗൺ നീണ്ടു പോയാൽ ബാക്കിയുള്ള ചെമ്പുകളിൽ കൂടി മീൻ വളർത്താൻ പദ്ധതിയിട്ടിരിക്കുമ്പോഴാണ് ലോക്ക് ഡൗൺ പിൻവലിച്ചത്. നിയന്ത്രണങ്ങളിൽ ഇളവ് വന്നെങ്കിലും കാറ്ററിംഗ് - പന്തൽ മേഖല സജീവമായില്ലെന്നും ജീവനക്കാർക്ക് തൊഴിൽ നൽകാൻ കഴിയുന്നില്ലെന്നും ശിവൻ കുട്ടി പറഞ്ഞു.