cpim

അടൂർ : സി.പി.എം ജില്ലാ സമ്മേളനത്തിന് ഇന്ന് അടൂരി​ൽ തുടക്കമാകും. വിവിധ മേഖലകളിൽ നിന്ന് സമ്മേളനനഗരിയിലേക്ക് എത്തി​യ കപ്പി, കയർ, കൊടിമരം, ദീപശിഖ, പതാക ജാഥകൾ ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൊതുമരാമത്ത് വകുപ്പ് ഒാഫീസിന് മുന്നിൽ സംഗമിച്ചു. അവിടെ നിന്ന് വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും നൂറുകണക്കിന് ചെങ്കൊടിയേന്തിയ പ്രവർത്തകരുടെയും അകമ്പടിയോടെ സമ്മേളന നഗരി​യി​ലേക്ക് സ്വീകരി​ച്ചു. അങ്ങാടിക്കലിൽ എം.രാജേഷിന്റെ സ്മൃതിമണ്ഡപത്തിൽ കെ.കെ.ശ്രീധരനിൽ നിന്ന് പതാക എ.എം.സലീം ഏറ്റുവാങ്ങി. സമ്മേളനനഗരിയിൽ എ.പത്മകുമാർ പതാക സ്വീകരി​ച്ചു. പന്തളം രക്തസാക്ഷി മണ്ഡപത്തിൽ ടി.ഡി.ബൈജുവിൽ നിന്ന് ആർ.ബിജു കൊടിമരം ഏറ്റുവാങ്ങി​. സമ്മേളനനഗരിയിൽ അഡ്വ. ഒാമല്ലൂർ ശങ്കരന് കൈമാറി​. പത്തനംതിട്ടയിൽ സി.വി.ജോസിന്റെ രക്തസാക്ഷി മണ്ഡപത്തിൽ എൻ.സജികുമാറിൽ നിന്ന് പി.ആർ.പ്രദീപ് ദീപശിഖ ഏറ്റുവാങ്ങി. സമ്മേളന നഗരിയിൽ പി. ബി.ഹർഷകുമാറി​ന് കൈമാറി​. മലയാലപ്പുഴ വള്ളിയാനി അനിരുദ്ധന്റെ രക്തസാക്ഷി മണ്ഡപത്തിൽ പി.ജെ.അജയകുമാറിൽ നിന്ന് ശ്യാംലാൽ ഏറ്റുവാങ്ങിയ കപ്പിയും കയറും സമ്മേളന നഗരിയിൽ ടി.കെ.ജി.നായർക്ക് കൈമാറി​. തിരുവല്ല പെരിങ്ങരയിലെ സന്ദീപിന്റെ രക്തസാക്ഷിമണ്ഡപത്തിൽ ആർ.സനൽകുമാർ, അഡ്വ.ഫ്രാൻസിസ് വി.ആന്റണിക്ക് കൈമാറിയ ഛായാച്ചിത്രം സമ്മേളന നഗരിയിൽ രാജു ഏബ്രഹാം ഏറ്റുവാങ്ങി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനുവും സെക്രട്ടറിയേറ്റംഗങ്ങളും ജാഥകളെ അനുഗമിച്ചു. ജാഥ കടന്നുപോയ വീഥികൾക്ക് ഇരുവശവുമായി വിവിധ സംഘടനങ്ങളും അഭിവാദ്യം അർപ്പിച്ചു.