shibu
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഷിബു

ചെങ്ങന്നൂർ: കാട്ടുപന്നി ആക്രമണത്തിൽ അച്ഛനും മകനും ഗുരുതര പരിക്ക്. മുളക്കുഴപഞ്ചായത്ത് കോട്ട - കുടയ്ക്കാമരം കൊച്ചുതറയിൽ ഷിബു (41) മകൻ സൗരവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ലോഡിംഗ് തൊഴിലാളിയായ ഷിബുവിന്റെ തോളെല്ല് ഇളകുകയും വാരിയെല്ല് പൊട്ടുകയും ചെയ്തു. സൗരവിന്റെ കൈക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാത്രി 10.15നാണ് സംഭവം. കോട്ട-മാന്തുക റോഡുവഴി യാത്ര ചെയ്യുമ്പോൾ കുടയ്ക്കാമരം ഗുരുമന്ദിരത്തിനും ഇടയിലാണ് പന്നി ആക്രമിച്ചത്.പാടത്തുനിന്നും കയറിവന്ന കാട്ടുപന്നി ബൈക്ക് ഇടിച്ചിട്ടു. തുടർന്ന് നിലത്തുവീണ ഇരുവരേയും വീണ്ടും ആക്രമിച്ചു.ഷിബു മകനെ എടുത്തുയർത്തിപ്പിടിച്ച് ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് സമീപത്തെ വീടുകളിൽ നിന്നും ആളുകൾ ഓടിയെത്തിയതോടെയാണ് പന്നി പിൻമാറിയത്. പരിക്കേറ്റ ഇവരെ ചെങ്ങന്നൂർ ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ മാസം 17ന് ഇതേ വാർഡിൽ തന്നെ കാട്ടുപന്നിയുടെ ആക്രമണത്തിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റിരുന്നു. മുളക്കുഴ കാരയ്ക്കാട് പ്ലാമൂട്ടിൽ ലിയാ തോമസ് (15), മാതാവ് ജോയ്‌സ് തോമസ് (39) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരും ചെങ്ങന്നൂർ ഗവ.ആശുപത്രിയിൽ ചികിത്സ തേടി. ഈ ആക്രമണത്തിന് രണ്ടു മാസം മുമ്പ് സമാനമായ രീതിയിൽ എരുമാല ഗോക്കുന്നിൽ വൃദ്ധയെ പന്നി ആക്രമിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് കാട്ടുപന്നി വലയിൽ കുരുങ്ങിയിരുന്നു. ഇവിടെ നിന്നും വലയുമായി രക്ഷപെട്ട് എരുമാല കോളനിക്ക് സമീപമുളള പൊന്തകാട്ടിലേക്ക് കയറിയ പന്നിയെ പിടികൂടുകയോ വെടിവെക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാരും വാർഡ് അംഗവും ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സമീപിച്ചു. സ്ഥലത്തെത്തിയ ഇവർ ജനവാസ മേഖലയാണ് പ്രദേശമെന്നും വെടിവെക്കുന്നത് സുരക്ഷിതമല്ലെന്നും ചൂണ്ടിക്കാട്ടി മടങ്ങി.

കർഷകർ പ്രതിഷേധത്തിൽ

മുളക്കുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കാട്ടുപന്നി ആക്രമണം രൂക്ഷമാകുമ്പോഴും ഇവയെ പിടികൂടാനോ തുരത്താനോ ബന്ധപ്പെട്ടവർ ശ്രമിക്കാതിരിക്കുന്നത് ജനങ്ങൾക്കിടയിൽ വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മാത്രമല്ല കാട്ടുപന്നിയുടെ ശല്യം മൂലം കൃഷിചെയ്യാനാവാതെ ഇടത്തരം കർഷകരും വലഞ്ഞിരിക്കുകയാണ്.

..................
പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയിൽ നിന്നും ആലപ്പുഴ ജില്ലയുടെ കിഴക്കൻ അതിരായ മുളക്കുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിൽ കൂട്ടത്തോടെയാണ് കാട്ടു പന്നികൾ എത്തുന്നത്. കൂടുതലും കർഷകർ അധിവസിക്കുന്ന ഗ്രാമീണ മേഖലയാണ് ഇവിടം. കർഷകരുടെ കൃഷി വിളകൾ വ്യാപകമായി നശിപ്പിക്കുന്നതിനൊപ്പം പന്നികൾ ഒറ്റക്കും കൂട്ടമായും മനുഷ്യരെ ആക്രമിക്കുന്നതും പതിവാണ്.പന്നികളെ തുരത്താൻ ശാശ്വത നടപടി സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭമാരംഭിക്കും

ബിന്ദു എം.ബി (വാർഡ് അംഗം)

തോളെല്ല് ഇളകി, വാരിയെല്ലുകൾ പൊട്ടി