27-si-gopan
പരിക്കേറ്റ എസ് ഐ ഗോപൻ

പന്തളം : സംഘർഷം തടയാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച രണ്ടുപേരെ പന്തളം പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമത്തിൽ എസ്.ഐ.ഉൾപ്പെടെ രണ്ട് പൊലീസുകാർക്ക് പരിക്ക്. ക്രിസ്മസ് ദിനത്തിൽ രാവിലെ 11.30ന് കുളനടയ്ക്ക് സമീപം മാന്തുകയിലാണ് സംഭവം. കുളനട മാന്തുക ,മുണ്ടകുളഞ്ഞി പാർക്കിലേത്ത് തെക്കേതിൽ മനു (28) അഞ്ചൽ കൂട്ടുക്കൽ, മേളക്കാട്, ചാവർകാവ് വീട്ടിൽ രാഹുൽ(25), എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത്. പന്തളം സ്റ്റേഷനിലെ എസ്.ഐ. ജി. ഗോപൻ, സി.പി.ഒ.മാരായ വിജിൽ, അഖിൽ എന്നിവർക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പന്തളം സ്‌റ്റേഷനിലെ സ്ഥിരം പരാതിക്കാരായ കുളനട മാന്തുക, പാർക്കിലേത്ത് സതിയമ്മ, മകൻ അജി എന്നിവർക്ക് നേരെ അയൽവാസി അഞ്ചൽ സ്വദേശി രാഹുൽ, മനു എന്നിവർ ചേർന്ന് ആക്രമണം നടത്തുവാൻ ശ്രമിക്കവേ സ്ഥലത്തെത്തിയ പൊലീസ് സംഘത്തെയാണ് പ്രതികൾ ആക്രമിച്ചത്. എസ്‌.ഐ ജി ഗോപനാണ് പ്രതികളുടെ ആക്രമണത്തിൽ കാലിന് പരിക്കേറ്റത്. പ്രതികളെ ജീപ്പിലേക്ക് പിടിച്ചു കയറ്റുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തുടർന്ന് വിവരമറിഞ്ഞ് എത്തിയ മറ്റു പൊലീസുകാർ അക്രമി സംഘത്തെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇരുവരെയും അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.