കോന്നി: മൃഗാശുപത്രിയുടെ പ്രവർത്തനം അവതാളത്തിലാകുന്നതായി പരാതി. അത്യാവശ്യ സമയങ്ങളിൽ മൃഗാശുപത്രിയിലെത്തുന്നവർക്ക് ഡോക്ടറില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. വീടുകളിൽ എത്തിയുള്ള അത്യാവശ്യ സേവനങ്ങൾക്കു വിളിച്ചാൽ എത്താറുമില്ല. കഴിഞ്ഞ ദിവസം താവളപ്പാറയിൽ വളർത്തു മൃഗങ്ങൾക്ക് രോഗബാധയുണ്ടായപ്പോൾ മൃഗാശുപത്രിയിൽ വിളിച്ചു പറഞ്ഞിട്ടും ചികിത്സ കിട്ടാതെ വളർത്തുമൃഗങ്ങൾ ചത്തതായി നാട്ടുകാർ ആരോപിച്ചു. മൃഗാശുപത്രിയുടെ പ്രവർത്തനം ഫലപ്രദമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് എം കോന്നി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ഏബ്രഹാം വാഴയിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡന്റ് ഷിജു പി.മാത്യു അദ്ധ്യക്ഷത വഹിച്ചു.ജോബിൻ ജോൺസൻ, സുമേഷ്.എസ്, പ്രമോദ്, വിജീഷ് എസ്.കുമാർ, ഗീവറുഗീസ്‌ ചെങ്ങറ എന്നിവർ പ്രസംഗിച്ചു.