cpm

സി.പി.എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന് ഒരുങ്ങുകയാണ്. അതിന് മുന്നോടിയായി ജില്ലാ സമ്മേളനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അടൂരിൽ നടന്ന പത്തനംതിട്ട ജില്ലാ സമ്മേളനത്തിൽ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പാർട്ടി പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള പ്രസക്തമായ കുറച്ചു കാര്യങ്ങൾ ചൂണ്ടിക്കാട്ടി. ലോകരാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതിഗതികളെപ്പറ്റി സൂക്ഷ്‌മമായ പാർട്ടി വിലയിരുത്തലുകൾ നടത്തിയ അദ്ദേഹം ഇന്ത്യയിലെയും കേരളത്തിലെയും രാഷ്ട്രീയ സംഭവവികാസങ്ങളും വിശദമായി പ്രതിപാദിച്ചു.

ഒന്നരമണിക്കൂർ നീണ്ട സഖാവിന്റെ പ്രസംഗത്തിനൊടുവിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകൾ ആരെയാണ് മാതൃകയാക്കേണ്ടത് എന്ന സങ്കീർണമായ കാര്യമാണ് പ്രതിനിധികൾക്കു മുൻപാകെ വിശദീകരിച്ചത്. സാർവലോക അടിസ്ഥാനത്തിൽ രൂപീകൃതമായ മാർക്സിസം - ലെനിനിസം കുറേ രാജ്യങ്ങളിൽ പച്ചപിടിച്ചും തകർന്നടിഞ്ഞും നില്ക്കുന്ന കാലിക യാഥാർത്ഥ്യത്തെ അദ്ദേഹം നോക്കിക്കണ്ടു. '' റഷ്യ തകർന്നടിഞ്ഞു. ഇനി നമുക്ക് അവരെ മാതൃകയാക്കാനാകില്ല. ചൈനയെ ഇപ്പോഴത്തെ സാഹചര്യത്തിൽ അനുകരിക്കുന്നത് ഉചിതമാകില്ല. വിയറ്റ്നാമിന്റെയോ കമ്പോഡിയയുടേയോ ലാവോസിന്റെയോ മാതൃക നമുക്ക് സ്വീകരിക്കാനാവില്ല. ബംഗാളും ത്രിപുരയും നമുക്ക് മാതൃകയാവില്ല...'' പിന്നെ ആരേയാണ് നാം മാതൃകയാക്കേണ്ടത് ? ഏതാണ് നമ്മുടെ സിദ്ധാന്തം? എന്നീ ആധിപിടിച്ച ചോദ്യങ്ങളിൽ ഉഴറിപ്പോകുന്ന സഖാക്കൾക്ക് ആശ്വാസകരമായ മറുപടിയാണ് രാമചന്ദ്രൻ പിള്ളയിൽ നിന്നുണ്ടായത്. നമ്മുടെ മാതൃക നാം തന്നെ വെട്ടിത്തെളിക്കണം എന്ന സഖാവിന്റെ വാക്കുകൾക്ക് വലിയ അർത്ഥങ്ങളുണ്ട്.
അതിർത്തി വിഷയത്തിൽ 'ചൈനയുടെ ഭാഗമെന്ന് ചൈനയും ഇന്ത്യയുടേതെന്ന് ഇന്ത്യയും അവകാശപ്പെടുന്നപോലെ' എന്ന പഴയ ഇ.എം.എസ് സിദ്ധാന്തത്തിന്റെ പൊരുളാണ് എസ്.രാമചന്ദ്രൻപിള്ളയുടെ വാക്കുകളിൽ നിഴലിച്ചത്. ഒാരോ രാജ്യത്തിനും ഒാരോ കമ്മ്യൂണിസം ആകാം. ഇന്ത്യയിൽ ഒാരോ സംസ്ഥാനത്തിനും ഒാരോ കമ്മ്യൂണിസമാകാം. അതിൽ ഇപ്പോൾ ഇന്ത്യയിൽ വിജയിച്ചു നില്‌ക്കുന്നതും അനുകരിക്കാവുന്നതുമായ മാതൃക കേരളത്തിന്റേതാണ്. വികസനരംഗത്ത് വിപ്ളവകരമായ മാറ്റമാണ് കേരളത്തിൽ കമ്മ്യൂണിറ്റ് പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കേരള കമ്മ്യൂണിസം എന്ന നൂതനമായ സിദ്ധാന്തം പുതിയ ആശയമാണ്. ചരിത്രത്തിൽ ആദ്യമായി കമ്മ്യൂണിസത്തിന് കേരളത്തിൽ തുടർഭരണം ലഭിച്ച കാലഘട്ടമാണിത്. ജനക്ഷേമ പരിപാടികളുമായി സർക്കാർ ജനങ്ങൾക്കിടയിൽ തന്നെ നിന്നതിന്റെ അംഗീകാരമായി തുടർ ഭരണം. നമ്മുടെ മാതൃക നാം തന്നെ എന്ന് എസ്.ആർ.പി പറഞ്ഞത് അതുകൊണ്ടാണ്. സി.പി.എമ്മിന്റെ ഇടതുമുന്നണിയുടെയും വർഗ ബഹുജന സംഘടനകളുടെയും പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുപക്ഷത്തിന് തുടർഭരണം ലഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പക്ഷേ, തുടർഭരണം സാദ്ധ്യമാക്കിയ കേരള കമ്മ്യൂണിസ്റ്റുകളുട‌െ സർക്കാരിന് നേതൃത്വം നല്കുന്ന സഖാവ് പിണറായി വിജയന്റെ പേര് എന്തുകൊണ്ട് എസ്.ആർ.പി പറഞ്ഞില്ല എന്നൊരു ചോദ്യം പത്തനംതിട്ടയിലെ സമ്മേളന പ്രതിനിധികൾക്കുണ്ട്. വികസന വിപ്ളവത്തിന് നേതൃത്വം നല്കുന്ന ഇടതുപക്ഷ സർക്കാരിന്റെ പുതിയ പദ്ധതി യായ കെ റെയിലിനെപ്പറ്റിയും അദ്ദേഹം മിണ്ടിയില്ല.

1937ലാണ് കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിക്കുന്നത്. 84 വയസ് പിന്നിട്ടുവെന്ന് പറഞ്ഞാൽ ആയിരം പൂർണ ചന്ദ്രന്മാരെ കണ്ടുവെന്നും പറയാറുണ്ട്. അങ്ങനെ നോക്കുമ്പോൾ കേരള കമ്മ്യൂണിസം കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർക്ക് മാത്രമല്ല, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്കും മാതൃകയാക്കാം. കേരളത്തിന്റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക ചുറ്റുപാടിൽ അനിവാര്യമായ ഘട്ടത്തിലാണ് പാർട്ടി രൂപം കൊണ്ടത്. ആ സാഹചര്യത്തിൽ നിന്ന് കാലം പുരോഗമന മുന്നേറ്റം നടത്തിയതും പാർട്ടിയുടെ നയ നിലപാടുകളുടെ ഭാഗമായാണ്.

ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ ചൈനീസ് പ്രേമം ഇപ്പോഴും മൊട്ടിട്ട് നില്ക്കുന്നുവെന്ന് രാമചന്ദ്രൻപിള്ളയുടെ വാക്കുകളിൽ നിന്ന് വായിച്ചെടുക്കാം. അമേരിക്കൻ മുതലളിത്ത വ്യവസ്ഥയുടെ കീഴാള പങ്കാളിയാണ് ഇന്ത്യയെന്ന് രാമചന്ദ്രൻ പിള്ള പറഞ്ഞത് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പണ്ടേയുള്ള നിലപാടാണ്. മുതലാളത്തത്തിന് ബദലായി സോഷ്യലിസ്റ്റ് നയം ഉയർത്തിപ്പിടിക്കുന്ന ചൈനയെ അമേരിക്കയും ഇസ്രയേലും ഇന്ത്യയും ആസ്ട്രേലിയയും ഒക്കെ ചേർന്ന് വളഞ്ഞിട്ട് ആക്രമിക്കുന്നതായി എസ്.ആർ.പി പറഞ്ഞു. ചൈനയെ ഇപ്പോഴത്തെ സാഹചര്യത്തിൽ അനുകരിക്കാനാവില്ലെന്ന് പറഞ്ഞ അതേ നാവുകൊണ്ട് തന്നെയാണ് ചൈനയെ ഇന്ത്യയടക്കമുള്ള സംഘം വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയത്. കൊവിഡ് വൈറസിനെ ഉത്പാദിപ്പിച്ച് വിട്ട രാജ്യമെന്ന് പരക്കെ വിമർശനം കേൾക്കുന്നവരാണ് ചൈന. ലോകം കൊവിഡിനെതിരെ പോരാടുമ്പോൾ ഇന്ത്യൻ അതിർത്തിയിലേക്ക് അതിക്രമിച്ച് കയറിയ ചൈന സ്ഥലങ്ങൾ വെട്ടിപ്പിടിച്ച സംഭവങ്ങളും ഏറ്റുമുട്ടലുകളും ജീവഹാനികളും മറക്കാറായിട്ടില്ല. വ്യവസായ മേഖലകളിലും ഉത്പാദന രംഗങ്ങളിലും സ്വകാര്യ, മുതലാളിത്ത വ്യവസ്ഥകൾക്ക് അടുത്തിടെയായി വാതിലുകൾ തുറന്നിട്ട ചൈനീസ് കമ്മ്യൂണിസത്തെ അനുകരിക്കാനില്ലെങ്കിലും അവർക്കെതിരായ നീക്കങ്ങളെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അംഗീകരിക്കില്ല.

ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ കാഴ്ചപ്പാടുകളും നിലപാടുകളും ലോകസാഹചര്യങ്ങളിൽ നിന്ന് ഇന്ത്യയിലെ യഥാർത്ഥ്യങ്ങളിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് പ്രത്യേകത.