തിരുവല്ല: വാഹനങ്ങൾ വഴിതിരിച്ചു വിട്ടതോടെ തകർച്ചയിലായ പൊടിയാടി - പെരിങ്ങര കൃഷ്ണപാദം റോഡിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങി. അമ്പലപ്പുഴ റോഡുമായി ബന്ധിച്ച് പൊടിയാടിയിൽ നിന്നും പെരിങ്ങര ജംഗ്ഷനിൽ എത്തിച്ചേരുന്ന പൊതുമരാമത്ത് റോഡിന്റെ ടാറിംഗ് ജോലികളാണ് ഇന്നലെ തുടങ്ങിയത്. നെടുമ്പ്രം, പെരിങ്ങര പഞ്ചായത്തുകളെ ബന്ധിപ്പിച്ചു പൊടിയാടി മുതൽ പെരിങ്ങര വില്ലേജ് ഓഫീസ് പടി വരെയുള്ള ഭാഗത്തെ തകർച്ച പരിഹരിക്കും. കുഴിയടച്ച് തകർച്ച പരിഹരിക്കാൻ എട്ടുലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. പൊടിയാടി - തിരുവല്ല റോഡ് നവീകരണത്തിന്റെ ഭാഗമായി ഭാരവാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇതുവഴി തിരിച്ചുവിട്ടതോടെ റോഡിന്റെ തകർച്ചയ്ക്ക് ആക്കംകൂട്ടി. റോഡിന്റെ തകർച്ചയെ തുടർന്ന് യാത്രക്കാർക്ക് ദുരിതമായിരുന്നു. പൊടിയാടി -പെരിങ്ങര റോഡിന്റെ അറ്റകുറ്റപ്പണികൾ ഇന്നും തുടരും.
ശ്രീവല്ലഭക്ഷേത്രം റോഡിന്റെ പണി തുടങ്ങി
തിരുവല്ല മാർക്കറ്റ് ജംഗ്‌ഷൻ - ശ്രീവല്ലഭ ക്ഷേത്രം ടെമ്പിൾ റോഡിന്റെ ജോലികളും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഗതാഗതം നിരോധിച്ചിരിക്കുകയാണ്. തകർച്ച പരിഹരിക്കുന്ന ജോലികളും ഇന്നലെ ആരംഭിച്ചിട്ടുണ്ട്. ഏഴുലക്ഷം രൂപയാണ് ടെമ്പിൾ റോഡിന്റെ നിർമ്മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പൊടിയാടി-പെരിങ്ങര റോഡിലും തിരുവല്ല ടെമ്പിൾ റോഡിലും ഇന്നും ഗതാഗതം നിരോധിച്ചിരിക്കുകയാണ്. യാത്രക്കാർ അനുബന്ധ റോഡുകളിലൂടെ പോകണമെന്ന് പൊതുമരാമത്ത് അധികൃതർ അറിയിച്ചു.
പെരിങ്ങര ജംഗ്‌ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കൽ: നിർമ്മാണം ജനുവരിയിൽ തുടങ്ങും
പൊടിയാടി - പെരിങ്ങര കൃഷ്ണപാദം റോഡിലെ പെരിങ്ങര ജംഗ്ഷനിലെ നിത്യദുരിതമായ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അടുത്തമാസം തുടങ്ങും. ഇതിന്റെ ടെണ്ടർ ജോലികൾ പൂർത്തിയായി. പ്രവർത്തികൾക്ക് 20 ലക്ഷം രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചിട്ടുള്ളത്. നിരന്തരം വെള്ളക്കെട്ട് ഉണ്ടാകുന്ന ഭാഗങ്ങളിൽ ഇന്റർലോക്ക് പാകുന്നതിനും ഡ്രെയിനേജ് നിർമ്മിക്കുന്നതിനും വേണ്ടിയാണ് പണം അനുവദിച്ചിരിക്കുന്നത്. ഓട നിർമ്മിക്കുന്നതിനായി സ്ഥലം ലഭ്യമാക്കേണ്ടി വരും. മഴക്കാലത്ത് ഇവിടെ വെള്ളം ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതിനാൽ യാത്രാദുരിതം ഏറെയായിരുന്നു.
..................
- പൊടിയാടി - പെരിങ്ങര റോഡിന് 8 ലക്ഷം
- ശ്രീവലഭ ക്ഷേത്രം റോഡിന് 7 ലക്ഷം
- പെരിങ്ങരയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ 20 ലക്ഷം