പത്തനംതിട്ട : സംസ്ഥാന റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഭൂസർവേയുടെ ഭാഗമായി നടത്തുന്ന ഡിജിറ്റൽ സർവേ ജനസൗഹൃദപരമായ പ്രക്രിയയാക്കണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഓമല്ലൂർ വില്ലേജിൽ ആരംഭിക്കുന്ന ഡിജിറ്റൽ സർവേയ്ക്ക് മുമ്പായി സർവേ ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കുമായി ഓമല്ലൂർ പഞ്ചായത്ത് ഹാളിൽ നടത്തിയ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് പത്തനംതിട്ട, കൊല്ലം ജില്ലകളിലായാണ് ആദ്യഘട്ട ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. ജില്ലയിൽ റാന്നി, കോന്നി, കോഴഞ്ചേരി താലൂക്കുകളിലായി 12 വില്ലേജുകളിലാണ് സർവേ നടപ്പാകുന്നത്. റാന്നി താലൂക്കിലെ അത്തിക്കയം, ചേത്തക്കൽ, പെരുനാട്, കോന്നിയിൽ വള്ളിക്കോട്, മൈലപ്ര, ചിറ്റാർ, കോന്നിതാഴം, തണ്ണിത്തോട്, കോഴഞ്ചേരിയിൽ ഓമല്ലൂർ, കോഴഞ്ചേരി ചെന്നീർക്കര, ഇലന്തൂർ എന്നീ വില്ലേജുകളിലാണ് സർവേ നടത്തുക. കോഴഞ്ചേരി താലൂക്കിലെ ഓമല്ലൂർ, ഇലന്തൂർ എന്നീ വില്ലേജുകളിൽ ഡ്രോൺ സർവേയാണ് നടക്കുക. സർവേ ഡെപ്യൂട്ടി ഡയറക്ടർ എൻ.ബി. സിന്ധു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ എസ്.അയ്യർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ , ഓമല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ വിളവിനാൽ,എൽ.ആർ ഡെപ്യൂട്ടി കളക്ടർ പി.ആർ.ഷൈൻ, കോഴഞ്ചേരി തഹസീൽദാർ ജയദീപ്, അസി.റീസർവേ ഡയറക്ടർ ടി.പി.സുദർശനൻ,പഞ്ചായത്ത് സെക്രട്ടറി രാജീവ്,ടെക്‌നിക്കൽ അസിസ്റ്റന്റ്,സർവേ സൂപ്രണ്ടുമാർ,സബ് സൂപ്രണ്ട്,സർവേ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.