പന്തളം:അതിപുരാതനമായ തട്ടയിൽ പൊങ്ങലടി മാവിളയിൽ തറവാട്ടിലെ നാലുകെട്ട് അറ ഉൾപ്പെടെ കത്തിനശിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പരേതനായ മാവിളയിൽ മാധവൻപിള്ളയുടെ ഭാര്യ സരോജിനിയമ്മയും അംഗപരിമിതിയുള്ള മകനുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. എൻ. എസ്. എസ്. വനിതാ സമാജം ഭാരവാഹിയാണ് സരോജിനിയമ്മ . തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി. തട്ടയിൽ അടുത്തിടെ ഉണ്ടാകുന്ന രണ്ടാമത്തെ തീപിടുത്തമാണിത്. കഴിഞ്ഞ ദിവസം നല്ലൂർ കിഴക്കേതിൽ മോഹൻസിംഗിന്റെ നാലുകെട്ട് കത്തിനശിച്ചിരുന്നു. പത്തനംതിട്ട , അടൂർ എന്നിവിടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്‌സ് യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. തീ പിടുത്തങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് സ്ഥലം സന്ദർശിച്ച എൻ.എസ് .എസ് ഡയറക്ടർ ബോർഡ് മെമ്പറും യൂണിയൻ പ്രസിഡന്റുമായ പന്തളം ശിവൻകുട്ടി ആവശ്യപ്പെട്ടു. എൻ.എസ്. എസ് പ്രതിനിധി സഭാംഗം എ.കെ.വിജയൻ, യൂണിയൻ സെക്രട്ടറി കെ.കെ.പദ്മകുമാർ, വിവിധ കരയോഗം ഭാരവാഹികളായ ബി.പ്രസാദ്കുമാർ , ശശിധരക്കുറുപ്പ് , ആർ.വിജയകുമാർ എൻ.മോഹനൻപിള്ള, കെ.കെ. ദാമോദരക്കുറുപ്പ്, കെ. ആർ. കൃഷ്ണപിള്ള, എൻ .സുരേഷ്ബാബു എന്നിവർ യൂണിയൻ പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.