
പത്തനംതിട്ട : കുടുംബശ്രീ ജില്ലാമിഷന്റെ നേത്യത്വത്തിൽ ഇന്ന് മുതൽ 30 വരെ പത്തനംതിട്ട മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള നഗരസഭ ഓപ്പൺ സ്റ്റേജിന് മുൻവശത്തായി ജില്ലാതല ക്രിസ്മസ് ന്യൂ ഇയർ ഫെയർ സംഘടിപ്പിക്കുന്നു. പത്തനംതിട്ട നഗരസഭ അദ്ധ്യക്ഷൻ ടി.സക്കീർ ഹുസൈൻ രാവിലെ 9.30ന് മേള ഉദ്ഘാടനം ചെയ്യും. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് വിപണനമേള സംഘടിപ്പിക്കുന്നത്. വാർഡ് കൗൺസിലർ എസ്. ഷമീർ, കുടുംബശ്രീ മിഷൻ ജില്ലാ കോ - ഓർഡിനേറ്റർ എ.മണികണ്ഠൻ എന്നിവർ പങ്കെടുക്കും.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സംരംഭകർ തയാറാക്കിയ വിവിധതരം കേക്കുകൾ, ചോക്ലേറ്റുകൾ, വെളിച്ചെണ്ണയിൽ തയ്യാർചെയ്ത പലഹാരങ്ങൾ, ചക്കയുടെ വിവിധ ഉൽപ്പന്നങ്ങൾ, ചമ്മന്തിപ്പൊടി, ധാന്യപൊടികൾ, തേൻ, അച്ചാറുകൾ, കറിപൗഡർ, ചക്കിലാട്ടിയ വെളിച്ചെണ്ണ, ഉപ്പേരി, ആഭരണങ്ങൾ, വിവിധതരം ബാഗുകൾ, ചവിട്ടി, സോപ്പുൽപ്പന്നങ്ങൾ, ലോഷനുകൾ, മെഴുകുതിരി, ജൈവ പച്ചക്കറികൾ,കരകൗശല ഉൽപ്പന്നങ്ങൾ,വിവിധതരം ഇരുമ്പ് ഉൽപ്പന്നങ്ങൾ, ചായ,ചുക്കുകാപ്പി,ആവിയിൽ പുഴുങ്ങിയ പലഹാരം എന്നിവ മിതമായ വിലയിൽ വിപണനമേളയിൽ ലഭിക്കും.