uparodham
തുടർച്ചയായി ഉണ്ടാകുന്ന കാട്ടുപന്നി ആക്രമണത്തിൽ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി മുളക്കുഴ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധിച്ചപ്പോൾ

ചെങ്ങന്നൂർ: കാട്ടുപന്നിശല്യം മൂലം വലയുകയാണ് മുളക്കുഴ പഞ്ചായത്തുകാർ. പന്നികളുടെ ആക്രമണം ഭയന്ന് കഴിയുകയാണ് ജനം. മുളക്കുഴ പഞ്ചായത്തിലെ ആറാം വാർഡിൽ ബൈക്ക് യാത്രക്കാരായ അച്ഛനും മകനും കഴിഞ്ഞ ദിവസം കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. കോട്ട കുടയ്ക്കാമരം കൊച്ചുതറയിൽ ഷിബു (41), മകൻ സൗരവ് (5) എന്നിവർക്കാണ് പരിക്കേറ്റത്. ലോഡിംഗ് തൊഴിലാളിയായ ഷിബുവിന്റെ തോളെല്ല് ഇളകുകയും വാരിയെല്ല് പൊട്ടുകയും ചെയ്തു. സൗരവിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. ഇരുവരും ആശുപത്രിയിൽ ചികിത്സതേടി.

കഴിഞ്ഞ 6 മാസത്തിനിടയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പഞ്ചായത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. പഞ്ചായത്ത് അധികൃതർക്കും വനംവകുപ്പിനും നാട്ടുകാർ പരാതി നൽകിയെങ്കിലും ഫലമില്ല. ജനവാസ മേഖല ആയതിനാൽ പന്നിയെ വെടിവച്ച് കൊല്ലുന്നത് അപകടകരമാണെന്നാണ് വനംവകുപ്പ് പറയുന്നത്.
. കപ്പ, ചേന, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, വാഴ, തെങ്ങിൻ തൈ തുടങ്ങിയവ പന്നികൂട്ടം കുത്തിയിളക്കി നശിപ്പിക്കും. കാരക്കാട് കുടയ്ക്കാമരം കന്യാപുരയിൽ രവീന്ദ്രന്റെ വിളവെടുക്കാറായ 300മൂട് കപ്പ ഒറ്റരാത്രികൊണ്ടാണ് നശിപ്പിച്ചത്. 20മൂട് തെങ്ങിൻ തൈയും മഞ്ഞളും ഇഞ്ചിയും നശിപ്പിച്ചു.

കടം വാങ്ങിയാണ് മിക്കവരും കൃഷിചെയ്യുന്നത്. ഇവർക്ക് നഷ്ടപരിഹാരവും ലഭിക്കുന്നില്ല.

ബി.ജെ.പി പഞ്ചായത്ത്

ഓഫീസ് ഉപരോധിച്ചു

കാരയ്ക്കാട്, മലനട, മണ്ണാറക്കോട്, ഗോക്കുന്ന്, എരുമാല പ്രദേശങ്ങളിൽ കാട്ടുപന്നികൾ കൂട്ടമായി ഇറങ്ങി കൃഷികൾ നശിപ്പിക്കുന്നത് പതിവായിട്ടും ബന്ധപ്പെട്ട ഉദ്യോഗസ്ഥ‌ർ നിസംഗ തുടരുന്നുവെന്നാരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുളക്കുഴ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനൂപ് പെരിങ്ങാല അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ മുഖ്യപ്രഭാഷണം നടത്തി.