
അടൂർ : അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഇന്ന് അടൂർ ഗീതം ഒാഡിറ്റോറിയത്തിന് മുന്നിലെ ഒാപ്പൺ എയറിൽ തുടക്കമാകും. വൈകിട്ട് 6.30ന് ലബനീസ് നടിയും സംവിധായികയുമായ നദീൻ ലബാക്കി സംവിധാനം ചെയ്ത 'കാപർനോം' സിനിമ പ്രദർശിപ്പിക്കും. അനധികൃത കുടിയേറ്റക്കാരുടെ കുടുംബത്തിൽ നിന്നുള്ള സെയിൽ എന്ന പന്ത്രണ്ട് വയസുകാരൻ ബാലനെ കേന്ദ്രീകരിച്ചാണ് 'കാപർനോം'മിന്റെ കഥ സഞ്ചരിക്കുന്നത്. ഒരാളെ കുത്തിയ കേസിൽ വിചാരണ നേരിടുന്ന അവൻ അഞ്ചു വർഷത്തെ തടവിൽ ഒരു ജുവനൈൽ ഹോമിൽ അടയ്ക്കപ്പെടുന്നു. ഫ്ലാഷ് ബാക്ക് രീതിയിലാണ് കഥ വികസിക്കുന്നത്. ജനിപ്പിച്ചു എന്ന കുറ്റത്തിന് അച്ഛനും അമ്മയ്ക്കുമെതിരെ കേസുകൊടുത്ത സെയിലിന്റെ കഥ ഗംഭീരമായ ആഖ്യാന പാടവത്തിലൂടെ ഏവരുടെയും ഹൃദയം കവരുന്നതാണ്. സെയിനിനെ അവതരിപ്പിച്ചത് സെയിൽ അൽ റഫീ എന്ന യഥാർത്ഥ അഭയാർത്ഥി ബാലൻ തന്നെയാണ്. ലോകത്തെ ഒരുവലിയ വിഭാഗം നേരിടുന്ന ജീവിതയാഥാർത്ഥ്യങ്ങളുടെ തിരക്കാഴ്ച ഒരുക്കിയിരുകയാണ് 'കാപർനോം'മിലൂടെ നാദിൻ ലബാക്കി. മലയാളം സബ്ടൈറ്റിലോടുകൂടി സൗജന്യ പ്രദർശനമാണ് ഒരുക്കിയിരിക്കുന്നത്.