കോന്നി: കോന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കുന്നതായി പരാതി. ബസ് സ്റ്റാൻഡിൽ നിന്ന് ആനക്കൂട് റോഡിലേക്ക് കയറുന്ന വഴിയിലെ പഞ്ചായത്ത് കെട്ടിടത്തിന്റെ പടിക്കെട്ടുകൾ കമിതാക്കളുടെ താവളമായി മാറുകയാണ്. വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ഓഫീസ്, കെ.എസ്.ഇ.ബി ഓഫീസ്, എ.ഇ.ഒ ഓഫീസ്, വാട്ടർ അതോറിറ്റി ഓഫീസ്, സബ് ട്രഷറി,താലൂക്ക് ആശുപത്രി, സബ് രജിസ്റ്റർ ഓഫീസ്, ഫോറസ്റ്റ് റേഞ്ച് ഓഫീസ്, ഇക്കോ ടൂറിസം സെന്റർ, സബ് ആർ ടി.ഒ ഓഫീസ് തുടങ്ങിയ സർക്കാർ സ്ഥാപങ്ങളിലേക്ക് ദിവസവും നൂറുകണക്കിന് ജനങ്ങൾ സഞ്ചരിക്കുന്ന ഇടവഴിയാണിത്. ബസ് സ്റ്റാൻഡിൽ ബസിറങ്ങി ആനക്കൂട് റോഡിലെ സർക്കാർ ഓഫീസുകളിലേക്കും തിരികയും സഞ്ചരിക്കുന്നത് ഈ വഴിയിലൂടെയാണ്. മുമ്പ് ഇവിടെ പൊലീസ് പെട്രോളിംഗ് ഏർപ്പെടുത്തിയതോടെ സാമൂഹ്യ വിരുദ്ധശല്യത്തിന് കുറവുവന്നിരുന്നു. പൊലീസ് പ്രട്രോളിംഗ് കുറഞ്ഞതോടെ വീണ്ടും പഴയനിലയായി. സ്കൂൾ, കോളേജ് വിദ്യാർത്ഥികളാണ് ഇവിടെ കൂടുതലായി തമ്പടിക്കുന്നത് . മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളുടെയും താവളമായി പ്രദേശം മാറുകയാണ്. ഇവർ സമീപത്തെ കടകളിലെ ജോലിക്കാരുമായും കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ജീവനക്കാരുമായും തർക്കങ്ങൾ ഉണ്ടാവുന്നതും പതിവാണ്. പൊലീസ് നടപടി സ്വീകരിക്കണമെന്ന് പൊതുപ്രവർത്തകനായ എം.എ. ബഷീർ ആവശ്യപ്പെട്ടു.