ശബരിമല: മഴപെയ്താൽ ശബരിമല ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള കുടിവെള്ള വിതരണം മുടങ്ങും. പമ്പാനദിയിലെ വെള്ളം കലങ്ങുന്നതുമൂലം പമ്പിംഗ് നിറുത്തിവയ്ക്കേണ്ടി വരുന്നതിനാലാണിത്.

1985ലാണ് ശബരിമല ശുദ്ധജല വിതരണപദ്ധതി ആരംഭിച്ചത്. ഇന്നത്തെ കേരള ജലഅതോറിറ്റി അന്ന് പബ്ലിക് ഹെൽത്ത് എൻജിനീയറിംഗ് ഡിപ്പാർട്ടുമെന്റായിരുന്നു. അന്നത്തെ പദ്ധതിയിൽ ജല ശുദ്ധീകരണശാല വിഭാവനം ചെയ്തിരുന്നെങ്കിലും നടപ്പിലാക്കിയില്ല. പമ്പാ ഗണപതിക്കോവിലിനു സമീപമുളള ദേവസ്വം ഗസ്റ്റ് ഹൗസിലേക്ക് കയറുന്നിടത്ത് ശിലാഫലകത്തിൽ പദ്ധതിയുടെ രൂപരേഖ അടയാളപ്പെടുത്തിയിരിക്കുന്നത് മൂന്നരപ്പതിറ്റാണ്ടു കഴിഞ്ഞിട്ടും നോക്കികുത്തിയായിരിക്കുന്നു. 20 വർഷത്തോളം ജലസംഭരണികളിൽ ചാക്കുകണക്കിന് ബ്ലീച്ചിംഗ് പൗഡർ പൊട്ടിച്ചിടുകയായിരുന്നു അങ്ങനെയാണ് കുടിവെളളം അണുവിമുക്തമാക്കിക്കൊണ്ടിരിക്കുന്നത്. വാതക ക്ലോറിൻ ഉപയോഗിച്ചും ജലശുദ്ധീകരണം നടത്തുന്നുണ്ട്. പക്ഷേ ജലത്തിലെ കലക്കലും ചെളിയും നീക്കം ചെയ്യുന്നതിന് സംവിധാനം ഉണ്ടായില്ല.
1996ൽ നിയമസഭാ പരിസ്ഥിതി കമ്മിറ്റി ശബരിമല പമ്പാ ജലവിതരണത്തിലെ അശാസ്ത്രീയതകളെക്കുറിച്ചും ജലത്തിലുളള മാലിന്യങ്ങളെക്കുറിച്ചും കുടിവെളളത്തിന്റെ ഗുണമേന്മകളെക്കുറിച്ചും റിപ്പോർട്ടു തയ്യാറാക്കി. 2000- 2001ൽ പ്രഷർ ഫിൽറ്റർ സംവിധാനം ഉപയോഗിച്ച് ജലം ശുദ്ധീകരിക്കുന്നതിനുളള നടപടി ജലഅതോറിറ്റി നടപ്പിലാക്കി.
പ്രഷർ ഫിൽറ്റർ സംവിധാനം പൊതുവെ നീന്തൽക്കുളം പോലുളള ചെറിയ പദ്ധതികളിലാണ് ഉപയോഗിക്കുന്നത്. പമ്പയിൽ പൂർണ രീതിയിലുളള ജലശുദ്ധീകരണശാല നിർമ്മിക്കുന്നതിനാവശ്യമായ രണ്ട് ഏക്കർ സ്ഥലം ലഭിക്കുന്നതിനുളള തടസംകൊണ്ടാണ് പ്രഷർഫിൽറ്റർ എന്ന താത്കാലിക സംവിധാനം നടപ്പിലാക്കിയത്. പിന്നീട് ശുദ്ധീകരണശാലയോടുകൂടി നിലവിലെ ശുദ്ധജലവിതരണ പദ്ധതി വിപുലീകരിക്കുന്നതിന് പലപദ്ധതികളും തയ്യാറാക്കിയെങ്കിലും നടപടിയുണ്ടായില്ല.

പ്രളയത്തിന് ശേഷം കലക്കവെള്ളം

മഴപെയ്യുമ്പോൾ ഇപ്പോൾ നദിയിലെ ജലം കലങ്ങും. അപ്പോൾ പമ്പിംഗ് നിറുത്തിവയ്‌ക്കേണ്ടതായിപ്പോലും വരും. 2018ലെ മഴയ്ക്കും പ്രളയത്തിനും ശേഷം പമ്പയിൽ ചെളിനിറഞ്ഞ കലക്കവെളളമാണ് വരുന്നത്.
ശബരിമല മാസ്റ്റർ പ്ലാനിലും ശുദ്ധജലവിതരണപദ്ധതി പുനരുദ്ധാരണവും ജലശുദ്ധീകരണശാലയുടെ ആവശ്യകതയും പ്രത്യേകം എടുത്തുപറയുന്നില്ലെങ്കിലും സർക്കാരും ജലഅതോറിറ്റിയും ഒന്നും ചെയ്യുന്നില്ല. പമ്പാ ത്രിവേണിയിൽ നിന്ന് നേരിട്ട് പമ്പുചെയ്യുന്ന ജലം നീലിമലമ്പോട്ടം, നീലിമല ടോപ്പ്, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലെത്തിച്ച് ശരംകുത്തിയിൽ നിന്ന് ഗ്രാവിറ്റി ഫ്‌ളോവഴിയാണ് സന്നിധാനത്ത് വിതരണം ചെയ്യുന്നത്. കുന്നാറിൽ നിന്ന് ഗ്രാവിറ്റി ഫ്‌ളോവഴി കുറേ ജലം പാണ്ടിത്താവളത്തിൽ എത്തിക്കുന്നുണ്ട്. കടുത്ത വേനലുണ്ടായാൽ ഇതുരണ്ടും മതിയാവില്ല.