ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ കൗൺസിലിന്റെ മിനിട്ട്‌സ് വ്യാജമായി നിർമിച്ചെന്ന പരാതിയിൽ നഗരസഭാദ്ധ്യക്ഷ മറിയാമ്മ ജോൺ ഫിലിപ്പിന് ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാകാൻ നോട്ടീസ്. ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിച്ചെന്നു കാട്ടി നഗരസഭ സെക്രട്ടറി എസ്.നാരായണൻ നൽകിയിരിക്കുന്ന സ്വകാര്യ അന്യായത്തിന്മേലാണ് നടപടി. ഫെബ്രുവരി 21ന് കോടതിയിൽ ഹാജരാകാനാണ് നോട്ടീസ്.കൗൺസിലറായ യു.ഡി.എഫ്. അംഗം നഗരസഭയുടെ ഉടമസ്ഥതയിലുള്ള ശാസ്താംപുറം മാർക്കറ്റ് ഷോപ്പിംഗ് കോംപ്ലക്‌സിൽ തന്റെ ലൈസൻസിലുള്ള കടമുറികളിൽ നടത്തിയ അനധികൃത നിർമ്മാണവുമായി ബന്ധപ്പെട്ട അജണ്ടയിന്മേലുള്ള മിനിട്ട്‌സ് തിരുത്തിയെന്നാണ് സ്വകാര്യ അന്യായത്തിൽ ആരോപിച്ചിരിക്കുന്നത്. കടമുറികൾ മോടിപിടിപ്പിക്കുന്ന ജോലികൾ ചെയ്യുന്നതിന് നഗരസഭയിൽ അപേക്ഷ നൽകിയ ശേഷം കടമുറികളുടെ സ്വാഭാവിക ഘടന തന്നെ മാറ്റുന്നുവെന്ന പരാതി ലഭിച്ചിരുന്നു. സംഭവത്തിൽ മാർച്ച് 31ന് ചേർന്ന നഗരസഭ കൗൺസിൽ യോഗത്തിൽ എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ പ്രതിഷേധമുയർത്തിയിരുന്നു. ഇതിനെ തുടർന്ന് വിഷയം പരിശോധിച്ച് റിപ്പോർട്ട് നൽകുന്നതിനു കൗൺസിൽ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരും കൗൺസിൽ അംഗങ്ങളും അടങ്ങുന്ന 9അംഗ സബ് കമ്മിറ്റിയെ നിയോഗിച്ചിരുന്നു. നഗരസഭയ്ക്ക് നൽകിയ അപേക്ഷയ്ക്ക് വിരുദ്ധമായായി അനധികൃത നിർമ്മാണം നടന്നിട്ടുണ്ടെന്ന് സബ് കമ്മിറ്റി കണ്ടെത്തിയെന്ന് സെക്രട്ടറി എസ്.നാരായണൻ പറഞ്ഞു. തുടർന്നാണ് കൗൺസിൽ നടപടികൾക്കുള്ള മിനിട്ട്‌സ് തിരുത്തുകയും, മിനിട്ട്‌സ് തയാക്കുന്ന ഔദ്യോഗിക സോഫ്റ്റ്‌വെയർ ഉപയോഗിക്കാതെ നിയമവിധേയമല്ലാത്ത മിനിട്ട്‌സ് നൽകാൻ ഉത്തരവിട്ടെന്ന പരാതിയിൽ സെക്രട്ടറി കേസ് ഫയൽ ചെയ്തത്.

നോട്ടീസ് കിട്ടിയിട്ടില്ലെന്ന് നഗരസഭാ ചെയർപേഴ്‌സൺ


സെക്രട്ടറിയുടെ പരാതിയെപറ്റി തനിക്കറിയില്ലെന്നും ആരോപണം അടിസ്ഥാന രഹിതമാണെന്നും നഗരസഭാ ചെയർപേഴ്‌സൺ മറിയാമ്മ ജോൺ ഫിലിപ്പ് പറഞ്ഞു. മാത്രമല്ല ഒരു കോടതിയിൽ നിന്നും തനിക്ക് ഹാജരാകാൻ നോട്ടീസ് കിട്ടിയിട്ടില്ലെന്നും ചെയർപേഴ്‌സൺ പറഞ്ഞു.