പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ അത്യാധുനിക രീതിയിൽ നിർമ്മാണം തുടങ്ങിയ പൂങ്കാവ് -പ്രമാടം- പത്തനംതിട്ട റോഡ് പണി ഇഴുന്നു. മാസങ്ങൾക്ക് മുമ്പ് നിർമ്മാണ ഉദ്ഘാടനം നടത്തി പണികൾ തുടങ്ങിയെങ്കിലും കലുങ്ക് നിർമ്മാണവും റോഡിന്റെ വശം കെട്ടലും പോലും പൂർത്തീകരിക്കാൻ കഴിഞ്ഞിട്ടില്ല. പണികൾ അനിശ്ചിതമായി നീളുന്നതോടെ ഇതുവഴിയുള്ള ഗതാഗതവും ദുരിതയാത്രയായിരിക്കുകയാണ്. റോഡിന് വീതി കൂട്ടാനുള്ള വസ്തു ഏറ്റെടുക്കലും പൂർത്തിയായിട്ടില്ല. ചിലയിടങ്ങളിൽ നിയമ തടസങ്ങളുമുണ്ട്. പ്രമാടം പഞ്ചായത്തിനെ ജില്ലാ ആസ്ഥാനവുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതയാണിത്. പത്തനംതിട്ടയിൽ നിന്ന് കോന്നി മെഡിക്കൽ കോളേജിലേക്കും ആനക്കൂട്, അടവി തുടങ്ങിയ ടൂറിസം മേഖലകളിലേക്കും ആളുകൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സഹായകരമായ റോഡുകൂടിയാണിത്.
നിർമ്മാണ ചെലവ് : 7 കോടി രൂപ
ദൂരം : 5 കിലോമീറ്റർ
ടാറിംഗ് : ബി.എം ആൻഡ് ബി.സി.
പൈപ്പ് കൾവർട്ട് : 5
സ്‌ളാബ് കൾവർട്ട് : 2
സംരക്ഷണഭിത്തി : 300 മീറ്റർ
ഡ്രയിനേജ് : 1000 മീറ്റർ ,
ഐറിഷ് ഡ്രയിനേജ് : 2515 മീറ്റർ