ചെങ്ങന്നൂർ: മുളക്കുഴയിൽ കാട്ടുപന്നികൂട്ടം ജനങ്ങളെ ആക്രമിക്കുകയും കൃഷി വിളകൾ വ്യാപകമായി നശിപ്പിക്കുകയും ചെയ്യുന്നത് നിത്യ സംഭവമായതോടെ പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തെത്തി. ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാൻ ബാദ്ധ്യതപ്പെട്ട പഞ്ചായത്ത് ഭരണകൂടം ഇക്കാര്യത്തിൽ നിസംഗത പുലർത്തുകയാണെന്ന് ഇവർ ആരോപിച്ചു. പഞ്ചായത്ത് രാജ് ആക്ടിൽ ആക്രമണകാരികളായ മൃഗങ്ങളിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കേണ്ട ബാദ്ധ്യത പഞ്ചായത്ത് ഭരണസമിതിക്കുണ്ടെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ ഭരണഘടനാപരമായ ബാദ്ധ്യത പോലും നിറവേറ്റുന്നതിൽ ഭരണസമിതി ദയനീയ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പന്നികൂട്ടങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർക്ക് മതിയായ ചികിത്സാസഹായവും ധനസഹായവും നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. മുളക്കുഴ പഞ്ചായത്തിലെ 6,7 വാർഡുകളിലാണ് പ്രധാനമായും കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നത്. മാസങ്ങളായി പന്നിയുടെ ആക്രമണം തുടരുമ്പോഴും ഭരണസമിതി ഒരു നടപടിയും സ്വീകരിക്കാതെ നിശബ്ദത പാലിക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം ആരംഭിക്കാൻ ഒരുങ്ങുകയാണ് പ്രതിപക്ഷം.
അർഹമായ ധനസഹായം നൽകണം
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കും വിളകൾ നശിച്ചവർക്കും അർഹമായ ധനസഹായം നൽകണമെന്ന് ഗ്രാമപഞ്ചായത്ത് പ്രതിപക്ഷ നേതാവും ബി.ജെ,പി അംഗവുമായ പ്രമോദ് കാരക്കാട് ആവശ്യപ്പെട്ടു, മാത്രമല്ല ഇത്തരം ക്ഷുദ്രജീവികളെ തുടർച്ചയായി നിരീക്ഷിച്ച് പിടികൂടുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യണം. ഇതിന് പഞ്ചായത്തിന് അധികാരം ഉണ്ടെന്നിരിക്കെ ഭരണസമിതി നിഷ്ക്രിയമായി തുടരുന്നത് ജനങ്ങളുടെ ജീവന് ഒരു വിലയും കല്പിക്കാത്തതുകൊണ്ടാണ്. കഴിഞ്ഞ ഏതാനും മാസമായി നിരവധി ആളുകൾക്ക് പന്നികളുടെ ആക്രമണത്തിൽ പരിക്കേൽക്കുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട്. ജനം ഭയവിഹ്വലരായി കഴിയുമ്പോഴും ഇത് കണ്ടില്ലെന്നു നടിക്കുന്ന ഭരണസമിതിക്കെതിരെ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് പ്രമോദ് കാരക്കാട് പറഞ്ഞു.
കാട്ടുപന്നികളെ തുരത്താൻ നടപടി തുടങ്ങി
പഞ്ചായത്തിലെ തരിശുഭൂമിയിൽ വളർന്നു നിൽക്കുന്ന കാടുകളും താമസക്കാരില്ലാത്ത വീടുകളുടെ പറമ്പുകളും കേന്ദ്രീകരിച്ചാണ് പന്നികൂട്ടങ്ങൾ അധിവസിക്കുന്നത്. ഇത്തരം പ്രദേശങ്ങളിലെ കാടുകൾ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് വെട്ടിത്തെളിക്കുകയും തരിശുഭീമിയിൽ കൃഷി നടത്താനാവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യും.
................................
കാട്ടുപന്നിയുടെ ആക്രമണം തുടരുമ്പോഴും രാഷ്ട്രീയ മുതലെടുപ്പിനായാണ് ഭരണസമിതി ഒരു നടപടിയും സ്വീകരിക്കാതിരിക്കുന്നത്. കാട്ടുപന്നികളെ തുരത്താൻ ആവശ്യമായ കൂടിയാലോചന നടത്തണം. ഇതിനായി ഭരണസമിതി അടിയന്തരമായി പഞ്ചായത്ത് കമ്മിറ്റി വിളിച്ചു ചേർക്കണം. അല്ലാത്ത പക്ഷംപ്രദേശവാസികളെ സംഘടിപ്പിച്ച് ജനകീയ സമരം ആരംഭിക്കും.
ബിന്ദു എം.ബി
(ആറാം വാർഡ് അംഗം)
.................................
പഞ്ചായത്തിൽ ഭീതിപരത്തുന്ന കാട്ടുപന്നികളെ പിടികൂടുകയോ തുരത്തുകയോ ചെയ്യുന്നതിനാവശ്യമായ നടപടി ആരംഭിച്ചിട്ടുണ്ട്.കാട്ടുപന്നിയുടെ പ്രശ്നം ചൂണ്ടികാട്ടി വനംമന്ത്രിക്കും, റവന്യൂ മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്. കാട്ടുപന്നികളെ നിരീക്ഷിച്ച് പിടികൂടുവാൻ വനംവകുപ്പിനോട് രേഖാമൂലം അറിയിച്ചിട്ടുണ്ട്. പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റവർക്കും വിളകൾ നഷ്ടപ്പെട്ടവർക്കും അർഹമായ നഷ്ടപരിഹാരം നൽകുന്ന കാര്യത്തിൽ യുക്തമായ തീരുമാനമെടുക്കും.
എൻ. പത്മാകരൻ
പഞ്ചായത്ത് പ്രസിഡന്റ്