ചെങ്ങന്നൂർ: സി.പി.എം ചെങ്ങന്നൂർ ഏരിയാ സമ്മേളനം ജനുവരി 7,8 തീയതികളിൽ വെണ്മണിയിൽ നടക്കും. 7ന് രാവിലെ 10ന് കെ.കെ.ആർ. നഗറിൽ (മാർത്തോമ്മാ പാരീഷ്ഹാൾ) സി.പി.എം. സംസ്ഥാന കമ്മിറ്റിയംഗം സി.എസ് സുജാത പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്ന് ഏരിയ സെക്രട്ടറി എം.എച്ച് റഷീദ് പത്രസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തോടനുബന്ധിച്ച് കലാകായിക മത്സരങ്ങൾ, സെമിനാറുകൾ, ചിത്രരചന തുടങ്ങി വിവിധ പരിപാടികൾ നടത്തും. വിവിധ വിഷയങ്ങളിൽ നടത്തുന്ന സെമിനാറുകൾ ഡോ.ജെ.ഷിജുഖാൻ, ജെയ്ക് സി. തോമസ്, ഓമല്ലൂർ ശങ്കരൻ, സിജി ദേവദർശൻ എന്നിവർ ഉദ്ഘാടനം ചെയ്യും. ജനുവരി 7ന് വെണ്മണി കല്യാത്രയിൽ ചെങ്ങന്നൂരിന്റെ വികസനം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടത്തുന്ന സെമിനാർ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും.
ജനുവരി 1ന് പതാക ദിനമായി ആചരിക്കും. 5ന് പതാക-കൊടിമര ജാഥകൾ ഏരിയ കമ്മിറ്റി പരിധിയിൽ പര്യടനം നടത്തും. ഉച്ചയ്ക്കു 2.30ന് രക്തസാക്ഷി വെണ്മണി ചാത്തന്റെ ബലികുടീരത്തിൽ നിന്നും കൊടിമരം മന്ത്രി സജി ചെറിയാൻ ജാഥാ ക്യാപ്റ്റൻ സി.കെ. ഉദയകുമാറിനെ ഏൽപ്പിക്കും. ചെറിയനാട് ശിവരാമൻ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും പതാക, കപ്പിയും കയറും ജില്ലാ സെക്രട്ടറി ആർ. നാസർ, ജാഥാ ക്യാപ്റ്റൻ എം. ശശികുമാറിനെ ഏൽപ്പിക്കും. 500 ഇരു ചക്രവാഹനങ്ങളുടെ അകമ്പടിയോടുകൂടി പര്യടനം വൈകിട്ട് 6ന് കല്യാത്രയിൽ എത്തിച്ചേരും. ഏരിയ സെക്രട്ടറി എം.എച്ച്. റഷീദ് ഇവ ഏറ്റുവാങ്ങും. പ്രതിനിധി സമ്മേളനം 8ന് അവസാനിക്കും. 100 പ്രതിനിധികളും 20 ഏരിയ കമ്മറ്റിയംഗങ്ങളും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി സജി ചെറിയാൻ, എം.എച്ച്. റഷീദ്, ആർ. നാസർ രക്ഷാധികാരികളും, സി.കെ. ഉദയകുമാർ ചെയർമാനും നെൽസൺ ജോയി കൺവീനർ, എ.കെ. ശ്രീനിവാസൻ ഖജാൻജിയുമായിട്ടുളള സ്വാഗതസംഘം പ്രവർത്തനമാരംഭിച്ചു.