sankham
കേന്ദ്ര സംഘം ജില്ലാ കളക്ടർ ഡോ.ദിവ്യ എസ് അയ്യരുമായി കൂടിക്കാഴ്ച നടത്തുന്നു

പത്തനംതിട്ട : ജില്ലയിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്രസംഘം തൃപ്തി അറിയിച്ചു. കളക്ടറേറ്റിൽ എത്തിയ സംഘം ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനം മെച്ചപ്പെട്ടതാണ്. വാക്‌സിനേഷൻ ഡ്രൈവിൽ ജില്ല മുന്നിലാണെന്നും സംഘം പറഞ്ഞു. സംസ്ഥാനതല അവലോകനത്തിന് ശേഷമുള്ള ആദ്യ സന്ദർശനത്തിന്റെ ഭാഗമായാണ് ജില്ലയിൽ കേന്ദ്രസംഘം എത്തിയത്. ഒമിക്രോൺ പകരാതിരിക്കാനുള്ള എല്ലാവിധ മുൻകരുതലുകളും ജില്ല സ്വീകരിച്ചുവരുന്നതായും പ്രവർത്തനങ്ങളിൽ പൂർണ സംതൃപ്തിയുണ്ടെന്നും സംഘം അറിയിച്ചു. കോഴഞ്ചേരി ജില്ലാ ആശുപത്രി,കോഴഞ്ചേരി റീജണൽ പബ്ലിക് ഹെൽത്ത് ലാബ്, കോഴഞ്ചേരിയിൽ പ്രവർത്തിക്കുന്ന വാക്‌സിനേഷൻ കേന്ദ്രം എന്നിവിടങ്ങളിലും സംഘം സന്ദർശനം നടത്തി. കേന്ദ്ര ആരോഗ്യ വകുപ്പ് പ്രതിനിധികളായ ഡൽഹി എൻ.സി.ഡി.സി കൺസൾട്ടന്റ് ഡോ. പല്ലവി ഡിയോൾ, എൻ.സി.ഡി.സി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ശുഭ കാർത്തിക്, എൻ.ഐ.വി കേരള സൈന്റിസ്റ്റ് ഡോ. എ.പി സുഗുണൻ , ജോധ്പൂർ എയിംസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. ദീപക് ശർമ്മ, ഡി.എം.ഒ ഡോ. എൽ. അനിതാകുമാരി, എൻ.എച്ച്.എം ഡി.പി.എം ഡോ.എസ്.ശ്രീകുമാർ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. സി.എസ്. നന്ദിനി, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. രശ്മി, കൊവിഡ് വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. നിധിൻ തോമസ്, കോഴഞ്ചേരി റീജണൽ പബ്ലിക് ഹെൽത്ത് ലാബ് പ്രതിനിധി ഡോ. സീന തുടങ്ങിയവർ പങ്കെടുത്തു.