പത്തനംതിട്ട:സുഹൃത്തുക്കൾ ചേർന്നുള്ള മദ്യപാനത്തിനിടയിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു.കുലശേഖരപതി അലങ്കാരത്ത് റഹ്മത്തുള്ള (42) ആണ് മരിച്ചത്.പത്തനംതിട്ട കുലശേഖരപതി അറബിക് കോളേജ് റോഡിലെ പഴയ സർവീസ് സ്റ്റേഷനുള്ളിലാണ് ഇന്നലെ മൃതദേഹം കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പത്തനംതിട്ട പൊലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.ഇതുമായി ബന്ധപ്പെട്ട് കുലശേഖരപതി മാവുതാനം പുരയിടത്തിൽ ഷിഹാബുദ്ദീൻ,പഴയവീട്ടിൽ ഷെഫീസ്,മധു എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇവരാണ് റഹ്മത്തുള്ളയ്ക്കൊപ്പം മദ്യപിക്കാനുണ്ടായിരുന്നതെന്നാണ് പൊലീസിന് കിട്ടിയ വിവരം.മൂന്നുപേരേയും സംഭവസ്ഥലത്തിനടുത്തുള്ള റബർതോട്ടത്തിൽ നിന്നാണ് പിടികൂടിയത്.ഷിഹാബുദ്ദീൻ മറ്റൊരു കൊലക്കേസിലും മധു ക്രിമിനൽ കേസിലും പ്രതിയാണ്.ഇതു കൂടാതെ സമീപത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളിൽ ചിലരെയും പൊലീസ് ചൊവ്വാഴ്ച രാത്രിയോടെ വിളിച്ചുവരുത്തിയതായി വിവരമുണ്ട്. മൃതദേഹത്തിന്റെ കഴുത്തിലും തലയിലും മുറിവുകളുണ്ട് . കിടന്ന ഷെഡിലും റോഡിലുമെല്ലാം രക്തക്കറയും കണ്ടെത്തി.കമ്പിവടികൊണ്ട് തലയ്ക്ക് അടിയേറ്റതാണെന്ന സംശയമാണ് പൊലീസിനുള്ളത്.കഴിഞ്ഞ ദിവസം വൈകുന്നേരം സ്ഥലത്ത് ബഹളം നടന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു.