
അടൂർ: സി.പി.എം ജില്ലാസെക്രട്ടറിയായി കെ.പി.ഉദയഭാനുവിനെ ഐക്യകണ്ഠേന തിരഞ്ഞെടുത്തു. തുടർച്ചയായി മൂന്നാംതവണയാണ് ഉദയഭാനു (64) സെക്രട്ടറിയാകുന്നത്. ഏനാദിമംഗലം കുറുമ്പകര പുത്തൻവിളയിൽ പരമേശ്വരന്റെയും ലക്ഷ്‌മിയുടെയും മകനാണ്. സമരാഗ്നിയിൽ ചുവന്ന പാതകളിലൂടെയാണ് അദ്ദേഹം പാർട്ടിയുടെ നേതൃത്വത്തിലേക്ക് എത്തിയത്. അടിയന്തരാവസ്ഥ കാലത്ത് സിവിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരിക്കെ ശൂരനാട് രക്തസാക്ഷി ദിനാചരണത്തിൽ പങ്കെടുക്കാൻ പോകുമ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. 76 ദിവസം ജയിൽവാസം അനുഭവിച്ചു. 1977ൽ മിച്ചഭൂമി സമരത്തിൽ പങ്കെടുത്ത് വീണ്ടും ജയിൽവാസം. 24ാം വയസിൽ ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റായി. അന്നത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. 1983ൽ സി.പി.എം അടൂർ താലൂക്ക് കമ്മിറ്റി അംഗമായി. 1984 ൽ കെ.എസ്.കെ.ടി.യു സംസ്ഥാനകമ്മിറ്റിയിലും അഖിലേന്ത്യാ കമ്മിറ്റിയിലും അംഗമായി. 97ൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗമായി. 2000ൽ സി.പി.എം അടൂർ ഏരിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.
2015ലെ ജില്ലാസമ്മേളനത്തിലാണ് ഉദയഭാനു ജില്ലാസെക്രട്ടറിയായത്. 2018ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. വിഭാഗീയതയില്ലാതെ ജില്ലയിലെ പാർട്ടിയെ നയിച്ച അദ്ദേഹം മറ്റു രാഷ്ട്രീയപാർട്ടികളിൽ നിന്ന് ഒട്ടേറെപ്പേരെ സി.പി.എമ്മിലെത്തിക്കുകയും പാർട്ടിയുടെ ബഹുജനാടിത്തറ വിപുലീകരിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പുകളിലെല്ലാം എൽ.ഡി.എഫ് മേധാവിത്വം നേടി. പാർലമെന്റ് തിരഞ്ഞെടുപ്പുകളിൽ യു.ഡി.എഫിന്റെ ലീഡ് കുറച്ചു. 2019ലെ കോന്നി നിയമസഭാ ഉപതിരഞ്ഞെടുപ്പോടെ ജില്ലയിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളും എൽ.ഡി.എഫിന്റേതായി. 2021ൽ അഞ്ച് മണ്ഡലങ്ങളിലും വിജയം ആവർത്തിച്ചു. യു.ഡി.എഫിന്റെ കുത്തകയായിരുന്ന തിരുവല്ല ഇൗസ്റ്റ് കോ ഒാപ്പറേറ്റീവ് ബാങ്ക് ഭരണം സി.പി.എം പിടിച്ചെടുത്തു.
സമരപാതകളിലൂടെ ഉയർന്നുവന്ന നേതാവ്