pta

സം​ഭ​വ​ബ​ഹു​ല​മാ​യ​ ​നി​ര​വ​ധി​ ​കാ​ര്യ​ങ്ങ​ൾ​ക്ക് ​ 2021​ൽ​ ​ജി​ല്ല​ സാ​ക്ഷ്യം​ ​വ​ഹി​ച്ചു.​ ​നി​ര​വ​ധി​ ​വി​ക​സ​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ,​ ​തി​രഞ്ഞെടുപ്പ് ,​ ​​അ​പ​ക​ട​ങ്ങ​ൾ,​ ​വി​യോ​ഗ​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​ഒ​ട്ടേ​റെ​ ​സം​ഭ​വ​ങ്ങ​ൾ​ ​വേ​റെ​യും.​ ​ക​ഴി​ഞ്ഞ​ ​വർഷത്തിലൂടെ ഒന്നുതിരികെ നടക്കാം...

വിദ്യാർത്ഥികൾ സ്കൂളിലേക്ക്

കൊവിഡ് സാഹചര്യത്തിൽ നീണ്ട 9 മാസത്തിന് ശേഷം ജനുവരി ഒന്നിന് 10,12 ക്ലാസുകളിലെ കുട്ടികൾ സ്കൂളിലെത്തി. ശേഷം നവംബർ ഒന്നു മുതൽ എല്ലാ കുട്ടികളും സ്കൂളിലേക്ക് .

കെ.എസ്.ആർ.ടി.സി ഓഫീസ് പുതിയ കെട്ടിടത്തിൽ

അഞ്ച് വർഷത്തിലേറെയായി പണിതുടരുന്ന പത്തനംതിട്ട കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ കെട്ടിടത്തിൽ ജനുവരി മൂന്ന് മുതൽ ഓഫീസ് പ്രവർത്തിച്ച് തുടങ്ങി. ഫെബ്രുവരി 16ന് ടെർമിനൽ ഉദ്ഘാടനവും നടത്തി. നവംബറിൽ ശബരിമല ഹബായി പുതിയ ടെർമിനലിൽ നിന്ന് പമ്പയിലേക്ക് സർവീസ് ആരംഭിച്ചു.

ജില്ലാ സ്റ്റേഡിയം ധാരണാപത്രം ഒപ്പുവച്ചു

ജില്ലാസ്റ്റേഡിയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി ആധുനിക രീതിയിൽ നിർമ്മിക്കുന്നതിനുള്ള ധാരണപത്രം നഗരസഭ അംഗീകരിച്ചു. ജനുവരി 4ന് ഇടതു ഭരണസമിതി അധികാരമേറ്റശേഷമായിരുന്നു ഇത്. നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

ജില്ലയിൽ വാക്സിൻ വിതരണം തുടങ്ങി

ആദ്യഘട്ടം 21,030 ഡോസ് കൊവിഷീൽഡ് വാക്‌സിൻ ജനുവരി 15 ന് ജില്ലയിലെ ഒൻപത് കേന്ദ്രങ്ങളിൽ വിതരണം നടത്തി. മുൻനിരപോരാളികളിൽ തുടങ്ങി പൊതുജനങ്ങളിൽ രോഗ ബാധിതരായവരൊഴികെ ബാക്കി എല്ലാ 18 വയസുമുതലുള്ളവരെല്ലാം കൊവിഡ് വാക്സിൻ പൂർത്തിയാക്കി.

കാട്ടാന കുത്തിക്കൊന്നു

കൊക്കാത്തോട് നെല്ലിക്കാപ്പാറ വടക്കേ ചരുവിൽ ഷാജിയെ കാട്ടാന കുത്തിക്കൊന്നത് ജനുവരിയിലാണ്. കുറിച്ചി വനത്തിൽ വന വിഭവങ്ങൾ ശേഖരിക്കാൻ പോയതായിരുന്നു.

പി.ബി നൂഹ് പടിയിറങ്ങി

പ്രളയം, കൊവിഡ് സാഹചര്യത്തിൽ ജില്ലയിൽ കളക്ടറായിരുന്ന പി.ബി നൂഹ് മൂന്ന് വർഷത്തിന് ശേഷം സ്ഥലം മാറി. ജില്ലയിലെ പ്രതികൂല സാഹചര്യങ്ങളിൽ കൃത്യമായ ഇടപെടൽ നടത്തിയ കളക്ടർ ജനങ്ങൾക്കിടയിൽ സ്വീകാര്യനായിരുന്നു. ശേഷം കളക്ടറായി ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡിയും നിലവിൽ ഡോ. ദിവ്യ എസ്. അയ്യറുമെത്തി.

പത്തനംതിട്ടയ്ക്ക് വനിതാ എസ്.പി

ഫെബ്രുവരി 15ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായി ആർ.നിശാന്തിനി ചാർജെടുത്തു. 22 വർഷങ്ങൾക്ക് ശേഷമാണ് ജില്ലാ പൊലീസ് മേധാവിയായി ഒരു വനിത എത്തുന്നത്.

ജസ്ന കേസ് സി.ബി.ഐയ്ക്ക്

മൂക്കൂട്ട് തറയിൽ നിന്ന് കാണാതായ ജസ്ന എന്ന കോളേജ് വിദ്യാർത്ഥിനിയുടെ തീരോധാന കേസ് സി.ബി.ഐയ്ക്ക് വിട്ടു. നാളിതുവരെ ജസ്നയെ കണ്ടെത്തിയിട്ടില്ല.

എൽ.ഡി.എഫ് തരംഗം

ഏപ്രിൽ 6ന് നിയമസഭാ തിരഞ്ഞെടുപ്പ് നടന്നു. മെയ് 2ന് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും എൽ.ഡി.എഫ് വിജയം നേടി.

മാർക്രിസോസ്റ്റം വിട വാങ്ങി

മെയ് 5ന് മാർത്തോമ്മ വലിയമെത്രാപ്പോലീത്ത ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം അന്തരിച്ചു.

കൊവിഡ് മരണവും കേസുകളും വർദ്ധിച്ചു

നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം കൊവിഡ് കേസുകൾ ആയിരം കടന്നു. ദിവസവും പത്തോളം മരണങ്ങൾ. ജൂണിൽ ആശുപത്രി ഐ.സി.യുകൾ നിറഞ്ഞു.

വെള്ളപ്പൊക്കം ഉരുൾപൊട്ടൽ

ഒക്ടോബർ 10ന് മണിമലയാറിന്റെ തീരത്ത് ഉരുൾപൊട്ടിയതിനെ തുടർന്ന് മല്ലപ്പള്ളിയിലും അപ്പർകുട്ടനാട്ടിലും വെള്ളപ്പൊക്കം. തുടർന്ന് 16ന് പത്തനംതിട്ട കുമ്പഴയിൽ മലവെള്ള പാച്ചിൽ. ശേഷം കുരുമ്പൻമൂഴി, കോട്ടമൺ പാറ, സീതത്തോട് എന്നിവിടങ്ങളിൽ മലവെള്ളപാച്ചിലും ഉരുൾപൊട്ടലും.

രാഷ്ട്രീയകൊലപാതകം

ഡിസംബർ 2 ന് തിരുവല്ലയിൽ രാഷ്ട്രീയകൊലപാതകം. പെരിങ്ങര ചാത്തങ്കരിമുക്കിന് സമീപം സി.പി.എം നേതാവ് സന്ദീപിനെ ബൈക്കുകളിലെത്തിയ ആറംഗസംഘം കുത്തിക്കൊന്നു. ആക്രമണത്തിന് പിന്നിർ ആർ.എസ്.എസ് എന്നാണ് സി.പി.എം ആരോപണം.