 
തിരുവല്ല: നിലവാരമുയർത്തി നിർമ്മിക്കുന്ന പൊടിയാടി-തിരുവല്ല സംസ്ഥാനപാതയുടെ ഒന്നാംഘട്ട ടാറിംഗ് തുടങ്ങി. പൊടിയാടി ജംഗ്‌ഷൻ മുതൽ തിരുവല്ല ഭാഗത്തേക്ക് ഇടതുവശത്തെ ടാറിംഗ് ജോലികളാണ് ആരംഭിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച ബി.എം ടാറിംഗ് മണിപ്പുഴ ജംഗ്‌ഷൻ വരെ പൂർത്തിയായി. തിരുവല്ല വരെ ഇടതുവശത്തെ ടാറിംഗ് പൂർത്തിയാക്കിയശേഷം മറുവശം ടാർ ചെയ്യും. ടാറിംഗ് വേഗത്തിലാക്കാൻ പൊടിയാടിയിൽ നിന്ന് പെരിങ്ങര-കാവുംഭാഗം റൂട്ടിൽ ഒരുവശത്തെ ഗതാഗതം വഴിതിരിച്ചുവിട്ടിരിക്കുകയാണ്.ലോക്ക്ഡൗണിലും മുടക്കമില്ലാതെ റോഡിന്റെ പണികൾ നടന്നിരുന്നു. എന്നാൽ മഴമൂലം പണികൾ വൈകി. ഇതുകാരണം ഒരുവർഷത്തെ കരാർ കാലാവധി അവസാനിച്ചതിനാൽ മേയ് വരെ നീട്ടിനൽകിയിട്ടുണ്ട്. കലുങ്കുകളുടെയും ഓടകളുടെയും നിർമ്മാണം പുരോഗമിക്കുകയാണ്. പൊടിയാടി മുതൽ തിരുവല്ല വരെയുള്ള ഭാഗത്ത് 9 കലുങ്കുകൾ പുനർനിർമ്മിച്ചു. പൊടിയാടി മുതൽ മണിപ്പുഴ വരെ നാല് കലുങ്കുകളും കാവുംഭാഗം മുതൽ കുരിശുകവല വരെ അഞ്ച് കലുങ്കുകളും നിർമ്മിച്ചു. തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ രണ്ടാംഘട്ടമായി കിഫ്ബിയിൽ നിന്ന് അനുവദിച്ച തുക ചെലവഴിച്ചാണ് പൊടിയാടി മുതൽ തിരുവല്ല വരെയുള്ള 4.9 കിലോമീറ്റർ റോഡ് നവീകരിക്കുന്നത്. റോഡിന് കുറുകെയും കേബിൾ ഡക്ടുകൾ നിർമ്മിച്ചു. വെള്ളമൊഴിക്കുന്നുണ്ടെങ്കിലും റോഡിൽ പൊടിശല്യം രൂക്ഷമാണ്. റോഡിലെ മരങ്ങൾ മുറിച്ചുനീക്കാനുമുണ്ട്. 47.4 കോടി രൂപയ്ക്ക് കരാർ ഏറ്റെടുത്ത് റോഡ് നിർമ്മിക്കുന്നത് ബിഗോറ കൺസ്ട്രക്ഷൻ കമ്പനിയാണ്.
പണം അനുവദിച്ചിട്ട് ഒന്നരമാസം,
വൈദ്യുതി തൂണുകൾ മാറ്റിയില്ല
ഒരുവർഷത്തിലേറെയായി നിർമ്മാണം നടക്കുന്ന തിരുവല്ല-പൊടിയാടി റോഡിലെ വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കുന്ന ജോലികൾ വൈകുന്നു. റോഡിന്റെ അഞ്ച് കിലോമീറ്ററോളം ദൂരത്തിൽ ഇരുവശങ്ങളിലുമായി 166 വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കാനുണ്ട്. ഇതിനായി കിഫ്‌ബി ഒരുമാസം മുമ്പ് കെ.എസ്.ഇ.ബിക്ക് 57.9 ലക്ഷം രൂപ അനുവദിച്ചതാണ്. എന്നാൽ ഇതുവരെയായിട്ടും തൂണുകൾ മാറ്റിസ്ഥാപിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. ഇതുകാരണം തിരുവല്ല- പൊടിയാടി റോഡിലെ ഓടയുടെ പണികൾപോലും തടസപ്പെട്ടു. പലയിടത്തും ഓടനിർമ്മാണം പാതിയിൽ നിലച്ചു.റോഡിന്റെ ഇരുവശങ്ങളിലും വൈദ്യുതി തൂണുകൾ ഒഴിച്ചിട്ട് ബാക്കിയുള്ള ഭാഗങ്ങളിൽ മാത്രമാണ് ഓട നിർമ്മിച്ചിട്ടുള്ളത്. മഴവെള്ളത്തിന്റെ ഒഴുക്ക് സുഗമമാകാത്തതിനാൽ കഴിഞ്ഞ മഴക്കാലത്ത് നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ ഉൾപ്പെടെ വെള്ളംകയറിയിരുന്നു. തൂണുകൾ മാറ്റിസ്ഥാപിക്കാത്തതിനാൽ റോഡിന്റെ നിർമ്മാണ ജോലികൾ വൈകാനും കാരണമാകുന്നു. മഴമാറി കാലാവസ്ഥ അനുകൂലമായിട്ടും വൈദ്യുതി തൂണുകൾ മാറ്റുന്ന ജോലികൾ ആരംഭിക്കാത്തത് വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്.
വീതി - 13.6 മീറ്റർ
ടാർ ചെയ്യുന്നത് 10മീറ്റർ വീതിയിൽ
റോഡിന്റെ ഇരുവശങ്ങളിലും നടപ്പാത
വഴികൾ ഇല്ലാത്ത ഭാഗങ്ങളിൽ നടപ്പാത ഉയർത്തും
ഒരുവശത്ത് ഓടയും മറുവശത്ത് 
കേബിളുകളും മറ്റും കടത്തിവിടാനുള്ള ഡക്റ്റും നിർമ്മിക്കും
നിർമ്മാണം 47.4 കോടി രൂപ ചെലവിൽ